കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കേസിൽ മുൻ മാനേജർ എംപി റിജിൽ കസ്റ്റഡിയിൽ. മുക്കത്തുള്ള ഒരു ബന്ധുവീട്ടിൽ നിന്ന് ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാൾ ഒളിവിലായിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായാണ് ബാങ്കിന്റെ ഓഡിറ്റ് റിപ്പോർട്ട്. കോഴിക്കോട് കോർപ്പറേഷന്റെ മാത്രം 10.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യവ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സ്വകാര്യവ്യക്തികളുടെ ഒൻപത് അക്കൗണ്ടിൽ നിന്നും കോർപറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.
സംഭവത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഓൺലൈൻ റമ്മിക്ക് ഉൾപ്പെടെ ഈ അക്കൗണ്ടിൽനിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ 29-ാം തിയതി മുതൽ റിജിൽ ഒളിവിലായിരുന്നു. ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും അത് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടർന്ന് പോലീസ് തിരച്ചിലിലായിരുന്നു.