പാലയില്‍ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അന്വേഷിക്കണം; മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രമീള ദേവി

കോട്ടയം: പാലയില്‍ ബി.ജെ.പി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രമീള ദേവി. എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ ആരോപണം ഉയര്‍ത്തിയിരിന്നു. ഇത് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. മൂന്നാഴ്ചക്കാലം രാപ്പകലില്ലാതെ ഒപ്പം നിന്ന സഹപ്രവര്‍ത്തകരുടെയും വോട്ട് ചെയ്തവരുടെയും അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുന്നതിന് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവരുടെ ആവശ്യം.

പ്രമീള ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read Also

ഞാന്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിച്ച പാലാ നിയോജക മണ്ഡലത്തില്‍ ബിജെപി വോട്ട്കച്ചവടം നടത്തിയെന്ന ആരോപണം എന്റെ എതിര്‍സ്ഥാനാര്‍ഥികളിലൊരാള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതേ ആരോപണം ഇന്നലെ തന്റെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. പരാജയം അംഗീകരിക്കുകയും കൂടെ പ്രവര്‍ത്തിച്ചവരെ അശ്വസിപ്പിക്കുകയും വോട്ട് ചെയ്തവര്‍ക്ക് നന്ദി നേരുകയും ചെയ്യുകയാണ് സുജനമര്യാദ എന്നതു കൊണ്ട് ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഇതു വരെയും ഞാന്‍ മൗനം പുലര്‍ത്തുകയായിരുന്നു.

എന്നാല്‍ ആരോപണങ്ങള്‍ വ്യാപകമാവുകയും ആവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എനിക്ക് നിശബ്ദത പാലിക്കാനാവില്ല. എന്നോട് ഇതേകുറിച്ച് ചോദിച്ച മാധ്യമങ്ങളോടും ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.പാലായില്‍ തുടക്കം മുതല്‍ തന്നെ ജോസ് കെ മാണിക്ക് വിരുദ്ധമായ ഒരു തരംഗം ഉണ്ടായിരുന്നു, ഒപ്പം മാണി സി കാപ്പന് നേര്‍ക്ക് സഹതാപവും.എന്‍ ഡി എ യ്ക്ക് വോട്ട് കുറഞ്ഞതിന്റെ കാരണം ഇതു തന്നെയാവാം. എന്നാല്‍ ആരോപണമുണ്ടായ നിലയ്ക്ക് വോട്ട് കച്ചവടം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വഷിക്കണം എന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയോടും സംസ്ഥാനകമ്മിറ്റിയോടും ഞാന്‍ അവശ്യപ്പെട്ടിട്ടുണ്ട്.

ഏകദേശം മൂന്നാഴ്ചക്കാലം രാപ്പകല്‍ ഭേദമില്ലാതെ ഒപ്പം നിന്ന് പണിയെടുത്ത സഹപ്രവര്‍ത്തകരുടെയും ബിജെപിയില്‍ നിസ്വാര്‍ത്ഥമായി വിശ്വസിച്ചു വോട്ട് ചെയ്ത സമ്മതിദായകരുടെയും അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു അന്വേഷണം ഞാനാവശ്യപ്പെടുന്നത്. നൂറു ശതമാനം ആത്മാര്‍ത്ഥമായിതന്നെയാണ് നമ്മള്‍ പ്രവര്‍ത്തിച്ചത്, മഴ യും വെയിലും കുന്നും മലയും കയറിയിറങ്ങിയത്. ആളുകളുടെ കണ്ണീരും പ്രതീക്ഷകളും നേരില്‍ കണ്ടറിഞ്ഞത്. അവഹേളനങ്ങളില്‍ തളരാതിരിക്കുക, നാം ശരിയുടെ പക്ഷത്താണെങ്കില്‍ ഒന്നിനും നമ്മെ തോല്‍പ്പിക്കാനാവില്ല.