ഇസ്ലാമാബാദ്: തന്റെ ജീവന്‍ അപകടത്തിലാണെന്നു വിശ്വസനീയമായ വിവരമുണ്ടെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍, താന്‍ ഭയപ്പെടുന്നില്ലെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എആര്‍ഐ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനാലെ നിര്‍ണായക ശക്തിയായ സൈന്യം തനിക്കു മൂന്ന് ഓപ്ഷനുകള്‍ നല്‍കിയതായും ഖാന്‍ വെളിപ്പെടുത്തി – അവിശ്വാസ വോട്ട്, നേരത്തെയുള്ള തെരഞ്ഞെടുപ്പ് അല്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കല്‍. തന്റെ ജീവന്‍ അപകടത്തിലാണെന്നു മാത്രമല്ല, വിദേശ കൈകളില്‍ കളിക്കുന്ന പ്രതിപക്ഷവും തന്റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
‘എന്റെ ജീവന്‍ അപകടത്തിലാണെന്നു ഞാന്‍ എന്റെ രാജ്യത്തെ അറിയിക്കട്ടെ, സ്വഭാവഹത്യയ്ക്കും അവര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഞാന്‍ മാത്രമല്ല, എന്റെ ഭാര്യയും അപകടത്തിലാണ്- മുന്‍ ക്രിക്കറ്റ് താരം കൂടിയായ 69കാരന്‍ പറഞ്ഞു. പ്രതിപക്ഷം എന്ത് ഓപ്ഷനുകളാണ് നല്‍കിയതെന്ന ചോദ്യത്തിനു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോടു സംസാരിക്കണമെന്നു കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷന്‍, എനിക്കു കേവല ഭൂരിപക്ഷം നല്‍കാന്‍ ഞാന്‍ എന്റെ രാജ്യത്തോട് അഭ്യര്‍ഥിക്കും. – അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ഖാന്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കള്‍ എംബസികള്‍ സന്ദര്‍ശിക്കുന്നതായി തനിക്ക് റിപ്പോര്‍ട്ടുകള്‍ കിട്ടിയെന്നും പറഞ്ഞു.
പ്രധാനമന്ത്രി ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നു പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്കു ശേഷം സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ഇമ്രാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ചൗധരിയെ ഉദ്ധരിച്ചു ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.