ടയര്‍ പഞ്ചറായ നിലയില്‍; കസ്റ്റഡിയിലെടുത്ത ദിലീപിന്റെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ കസ്റ്റഡിയിലെടുത്ത നടന്‍ ദിലീപിന്റെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം. കാറിന്റെ ടയറുകള്‍ പഞ്ചറായി ഇരിക്കുന്നതിനാല്‍ ഓടിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മഹസര്‍ തയാറാക്കി മടങ്ങി.

വെള്ളിയാഴ്ച വൈകിട്ട് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് ചുവപ്പ് സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തത്. മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനാണ് ശ്രമം. കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനോടു ചോദിച്ചപ്പോള്‍ വര്‍ക്ഷോപ്പില്‍ ആണെന്നായിരുന്നു മറുപടി.

2016 ഡിസംബര്‍ 26ന് പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ നിന്ന് ഈ കാറിലാണ് മടങ്ങിയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിന് പിന്നാലെ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ക്രൈം ബ്രാഞ്ച്. ആലുവ ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഈ വാഹനമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും കാറില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം അറിയിച്ചു.

വീട്ടില്‍ വച്ച് ദിലീപ്, പള്‍സര്‍ സുനിക്ക് പണം കൈമാറിയിരുന്നതായും അവര്‍ വ്യക്തമാക്കി. ആലുവയിലെ വീട്ടില്‍ നിന്ന് പോകുന്നവഴി പള്‍സര്‍ സുനിയെ ബസ് സ്റ്റോപ്പിലിറക്കാന്‍ ദിലീപിന്റെ സഹോദരനോട് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഒരു ചുവന്ന സ്വിഫ്റ്റ് കാറിലാണ് ഇവര്‍ പോയതെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയതെന്നും മൊഴിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News