CricketNewsSports

ശ്രീലങ്കയെ തകര്‍ത്തു,പാക്കിസ്ഥാന് ജയം,റിസ്വാന് സെഞ്ചുറി

ഹൈദരാബാദ്: നാല് സെഞ്ചുറികള്‍ പിറന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് അങ്കത്തില്‍ ശ്രീലങ്കയ്‌ക്ക് മേല്‍ പാകിസ്ഥാന് ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം. 345 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യം 48.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി പാക് ടീം നേടുകയായിരുന്നു. പാകിസ്ഥാനായി അബ്‌ദുള്ള ഷഫീഖും മുഹമ്മദ് റിസ്‌വാനും ലങ്കയ്‌ക്കായി കുശാല്‍ മെന്‍ഡിസും സദീര സമരവിക്രമയും സെഞ്ചുറി നേടി. 121 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം പുറത്താവാതെ 134* റണ്‍സെടുത്ത റിസ്‌വാനാണ് നാല്‍വര്‍ സെഞ്ചുറി സംഘത്തിലെ ടോപ്പര്‍. സ്കോര്‍: ശ്രീലങ്ക- 344-9 (50 Ov), പാകിസ്ഥാന്‍- 348-4 (48.2 Ov). 

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ തീപ്പൊരി സെഞ്ചുറിക്ക് പിന്നാലെ സദീമ സമരവിക്രമയും മൂന്നക്കം കണ്ടതോടെയാണ് ലങ്ക കൂറ്റന്‍ സ്കോറിലെത്തിയത്. കുശാല്‍ 77 പന്തില്‍ 122 ഉം സദീര 89 പന്തില്‍ 108 ഉം റണ്‍സെടുത്തപ്പോള്‍ പാതും നിസങ്ക അര്‍ധസെഞ്ചുറി (51) പേരിലാക്കി.

കുശാല്‍ പെരേര (4 പന്തില്‍ 0), ചരിത് അസലങ്ക (3 പന്തില്‍ 1), ധനഞ്ജയ ഡിസില്‍വ (34 പന്തില്‍ 25), ക്യാപ്റ്റന്‍ ദാസുന്‍ ഷനക (18 പന്തില്‍ 12), ദിനുത് വെല്ലാലഗെ (8 പന്തില്‍ 10), മഹീഷ തീക്ഷന (4 പന്തില്‍ 0), മതീഷ പതിരാന (3 പന്തില്‍ 1) എന്നിങ്ങനെയായിരുന്നു മറ്റ് ലങ്കന്‍ താരങ്ങളുടെ സ്കോര്‍. ദില്‍ഷന്‍ മധുശനകയ്‌ക്ക് ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ല. പാകിസ്ഥാനായി ഹസന്‍ അലി നാലും ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ഷദാബ് ഖാനും ഓരോ വിക്കറ്റും സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ 12 റണ്‍സിലും ക്യാപ്റ്റന്‍ ബാബര്‍ അസമിനെ 10ലും ദില്‍ഷന്‍ മധുശനക മടക്കിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റിലെ അബ്‌ദുള്ള ഷഫീഖിന്‍റെയും മുഹമ്മദ് റിസ്‌വാന്‍റേയും 176 റണ്‍സ് കൂട്ടുകെട്ടില്‍ പാകിസ്ഥാന്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി.

സെഞ്ചുറി നേടിയ ഷഫീഖ് 103 പന്തില്‍ 10 ഫോറും 3 സിക്‌സറും സഹിതം 113 റണ്‍സുമായി 34-ാം ഓവറില്‍ മതീഷ പതിരാനയുടെ പന്തില്‍ പുറത്താകുന്നത് വരെ ഈ കൂട്ടുകെട്ട് നീണ്ടു. പരിക്കിനോട് പടപൊരുതിയുള്ള റിസ്‌വാന്‍റെ സെഞ്ചുറി പിന്നാലെ ശ്രദ്ധേയമായി.

മുഹമ്മദ് റിസ്‌വാന്‍- സൗദ് ഷക്കീല്‍ സഖ്യം 44-ാം ഓവറില്‍ ടീമിനെ 300 കടത്തി. പിന്നാലെ സൗദിനെ (30 പന്തില്‍ 31) മഹീഷ് തീക്ഷന പുറത്താക്കിയെങ്കിലും മുഹമ്മദ് റിസ്‌വാനും (121 പന്തില്‍ 131). ഇഫ്‌തീഖര്‍ അഹമ്മദും (10 പന്തില്‍ 22) പാകിസ്ഥാന് ജയമൊരുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker