കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജോസ് വിഭാഗം
കോട്ടയം: കുട്ടനാട്ട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പി.ജെ. ജോസഫിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലയെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. ജോസഫിന്റെ പ്രസ്താവനയില്‍ ഉപയോഗിച്ചിരിക്കുന്ന ‘പട്ടികള്‍ കുരച്ചുകൊണ്ടേ ഇരിക്കും’ എന്ന ഉപമ ആര്‍ക്കാണ് ചേരുന്നത് എന്ന് ജനത്തിന് നന്നായി അറിയാമെന്നും അദ്ദേഹം തുറന്നടിച്ചു.
ജോസഫിന്റെ ജല്‍പനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് സമനില തെറ്റിയിരിക്കുന്നു എന്നാണ് മനസിലാകുന്നത്. മൂവാറ്റുപുഴ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് കിട്ടാഞ്ഞ സ്വന്തം അനുഭവം ജോസഫിനെ ഇപ്പോഴും വേട്ടയാടുന്നു എന്നാണ് തോന്നുന്നതെന്നും കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസ്സ് എമ്മിന് അവകാശപ്പെട്ടതാണെന്നും സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.
ആ സീറ്റില്‍ പക്ഷേ, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ യുഡിഎഫിന് വേണ്ടി മത്സരിക്കും. 2011 ല്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളിലും വരുന്ന തെരെഞ്ഞെടുപ്പില്‍ ജോസ് കെ.മാണി തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അവരെല്ലാം രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ തണവ മത്സരിച്ച ജേക്കബ് എബ്രഹാമിനെയാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.