KeralaNews

‘റാസ്കൽ എന്ന് വിളിച്ചാൽ ഓടിവരുന്ന ആള്‍’ വെള്ളാപ്പള്ളിയെ അധിക്ഷേപിച്ച്‌ പി.സി. ജോർജ്

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്. വെള്ളാപ്പള്ളിയെ പോലെ വൃത്തിക്കെട്ട ഒരാൾ ലോകത്ത് ജനിച്ചിട്ടുണ്ടോ എന്ന് പി.സി. ജോർജ് ചോദിച്ചു. റാസ്കൽ എന്ന് ആരെങ്കിലും വിളിച്ചാൽ എന്തോ എന്ന് വിളികേട്ട് ഓടിവരുന്ന ആളാണെന്നും ജോർജ് പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയെ പി.സി. ജോർജ് കടന്നാക്രമിച്ചത്.

പിണറായി വിജയന്‍റെ ദൂതനാണെന്ന് വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നത്. മകൻ തുഷാർ ബി.ഡി.ജെ.എസ് ആണ്. അപ്പനും മകനും എന്ന ബന്ധമല്ലാതെ മറ്റൊരു ബന്ധവും ഇരുവരും തമ്മിലില്ല. കോട്ടയം ലോക്സഭ സീറ്റിൽ തുഷാർ സ്ഥാനാർഥിയാണ്. വെള്ളാപ്പള്ളി വിവരദോഷിയാണെന്ന് എല്ലാവർക്കും അറിയാം. പിണറായിക്ക് വേണ്ടി എന്ത് ഊളത്തരവും കാണിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

താൻ ഒരാളുടെയും ഔദാര്യം പറ്റി ജീവിക്കുന്നവനല്ല. എന്‍റെ രാഷ്ട്രീയം ബി.ജെ.പിയാണ്. തന്‍റെ വ്യക്തിത്വം ആരുടെയും വീട്ടിൽ പണയം വെച്ചിട്ടില്ലെന്നും ആരുടെയും കാല് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പി.സി. ജോർജ് അഭിമുഖത്തിൽ വ്യക്തമാക്കി.

14 വർഷം മുമ്പ് വേശ്യകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു മാഹിയെന്ന വിവാദ പരാമർശത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി പി.സി. ജോർജ് രംഗത്തെത്തിയിരുന്നു. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണരൂപം:

‘പ്രിയ മാഹി നിവാസികളെ,

കഴിഞ്ഞ ദിവസം എന്റെ പ്രസംഗത്തിൽ, ഞാൻ ഉദ്ദേശിച്ചത് മാഹിയിലൂടെ കടന്ന് പോകാൻ കഴിയാത്ത ഒരുകാലഘട്ടം ഉണ്ടായിരുന്നത് ദേശീയ പാതയുടെ വികസനത്തോട് കൂടി അതെല്ലാം മാറി മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ്.

മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’


ജോർജിനെ തള്ളിപ്പറഞ്ഞ് ബി.​ജെ.പിയും

കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ പാർട്ടി പ്രാദേശിക ഘടകം ജോർജിനെ തള്ളിപ്പറഞ്ഞിരുന്നു.

ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബി.ജെ.പി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി. ദിനേശൻ പറഞ്ഞു. ‘ജോർജ് ബി.ജെ.പിയുടെ വക്താവല്ല. സാംസ്കാരിക പൈതൃകവും സാമൂഹിക ഔന്നത്യവുമുള്ള ഒരു പരിഷ്കൃത ജനതയെ എവിടെനിന്നോ കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചാക്ഷേപിച്ചതിനെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു’ എന്നും പ്രസ്താവനയിൽ പറഞ്ഞു.

മാഹിയെയും മാഹിക്കാരെയും അറിയാതെ, ബൈപാസ് വന്നപ്പോഴാണ് മാഹി സുരക്ഷിതമായതെന്നും മാഹിയിൽ റൗഡികളും വേശ്യകളുമാണ് അധിവസിച്ചിരുന്നതെന്നും പറഞ്ഞ പി.സി. ജോർജ് മാഹിക്കാരോട് മാപ്പുപറയണമെന്ന് സി.പി.എം പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

പി.സി. ജോർജിനെതിരെ നിയമ നടപടിയടുക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ മാഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജോർജിന്റെ കോലത്തിൽ പ്രവർത്തകർ ചെരിപ്പ് കൊണ്ടടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker