25.2 C
Kottayam
Friday, May 17, 2024

‘ഓയോ’ക്കെതിരെ സമരത്തിനൊരുങ്ങി കൊച്ചിയിലെ ഹോട്ടലുകള്‍

Must read

കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ്ങ് രംഗത്തെ ഭീമനായ ഓയോ ഹോട്ടല്‍ ആന്റ് ഹോംസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. ഓയോ പടി പടിയായി ചെറുകിട ഹോട്ടലുകളെ വിഴുങ്ങുകയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഓയോക്കെതിരെ കൊച്ചി നഗരത്തിലെ ഹോട്ടലുടമകള്‍ നടത്തുന്ന നാല്‍പത്തിയെട്ട് മണിക്കൂര്‍ സമരത്തെക്കുറിച്ച് പത്ര സമ്മേളനത്തില്‍ സംസാരിക്കുകന്നതിനിടെയാണ് വെളിപ്പെടുത്തല്‍. ചെറുകിട ഹോട്ടലുടമകളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുക, റൂമിന്റെ വില നിശ്ചയിക്കാനുള്ള അധികാരം ഉടമകള്‍ക്ക് തിരികെ നല്‍കുക, പണമിടപാടുകള്‍ സുതാര്യമാക്കുക, പണം തന്ന് തീര്‍ക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ബുധന്‍,വ്യാഴം ദിവസങ്ങളിലായി 48 മണിക്കൂറാണ് സമരം. റൂമുകള്‍ നേരത്തെ ബുക്ക് ചെയ്തവരെ സമരം ബാധിക്കില്ല. ഇവര്‍ക്ക് റൂം അനുവദിക്കും. പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കില്ല. ബുധനാഴ്ച ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഓയോയുടെ ഇടപ്പള്ളിയിലെ ഓഫീസിലേക്ക് പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി ടി ജെ മനോഹരന്‍, പ്രസിഡന്റ് അസീസ് മൂസ, മുഹമ്മദ് റമീസ് കെ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

സ്വന്തമായി ഹോട്ടലുകള്‍ ഒന്നുമില്ലാത്ത ഓയോ ഇടനിലക്കാരനായി നിന്ന് അവര്‍ വഴി വില്‍പന നടത്തുന്ന ഹോട്ടലുകളുടെ വിലയിടിച്ചും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തമാക്കിയുമാണ് ചെറുകിട ഹോട്ടലുകളെ ഓയോ തകര്‍ക്കുന്നത്. ഹോട്ടലുകളുകള്‍ക്ക് മോഹവില വാഗ്ദാനം ചെയ്താണ് ഓയോ രംഗത്ത് വരുന്നത്. പിന്നീട് ഹോട്ടലുകളുമായി കച്ചവട സാധ്യതയുള്ള സമാനമായ ബുക്കിംഗ് പോര്‍ട്ടലുകളെ ഓയോ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.

വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതോടെ ഓയോ റൂമുകള്‍ തുച്ഛമായ വിലക്ക് വാടകയ്ക്ക് കൊടുക്കുന്നു. ഇതിന്റെ ഭാരം ഓയോ ഹോട്ടല്‍ ഉടമകളുടെ മേല്‍ ചുമത്തുന്നു. ആയിരത്തി അഞ്ഞൂറ് രൂപ വരെ വിലയുള്ള റൂമുകള്‍ മുന്നൂറ് രൂപക്ക് വരെ വില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഈ വിലയിടിവ് ചെറുകിട ഹോട്ടലുടമകള്‍ക്ക് താങ്ങാവുതല്ല. ഇവരില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തും കെട്ടിടം വാടകയ്‌ക്കെടുത്തുമാണ് ഹോട്ടലുകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും ഇടയ്ക്കിടെ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികളും കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week