തളിപ്പറമ്പ്: മദ്യലഹരിയിൽ വാഹനമോടിച്ച് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ കാറിന് ഇടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പിക്കപ്പ് വാൻ ഡ്രൈവർ കാനൂൽ ഒഴക്രോം പി.എസ്. രഞ്ജിത്തി(45) നെ യാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി മന്ത്രി എം.വി. ഗോവിന്ദന്റെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം. ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറിൽ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജൻസിയുടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ പരാതിപ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മന്ത്രിയുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു .2 ആഴ്ച മുൻപ് എം.വി. ഗോവിന്ദൻ സഞ്ചരിച്ച കാർ രാത്രിയിൽ കണ്ണൂരിൽ ഡിവൈഡറിൽ കയറി അപകടം സംഭവിച്ചിരുന്നു. ഇതിന് ശേഷം ഉപയോഗിക്കുന്ന കാറിനാണ് പിക്കപ്പ് വാൻ ഇടിച്ചത്.