FeaturedHome-bannerKeralaNews

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

നിലവിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മൻ ചാണ്ടി. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സ്ന്തമാണ്. 1943 ഒക്ടോബർ 31-നാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. 2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 20112016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.തൊഴിൽ വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ അലങ്കരിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 51 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker