ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഇന്നു രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റത്തിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചാകും പ്രധാനമായും ചര്‍ച്ച. ആന്ധ്രപ്രദേശിലെ സംഘടനാ കാര്യങ്ങളും ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിക്കു പിന്നാലെ യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപിയും ഇന്നു രാഹുലിനെ കണ്ടു ചര്‍ച്ച നടത്തും.
രാവിലെ 10.30നാണ് രാഹുലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളതെന്ന് ഇന്നലെ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ കേരള ഹൗസിലിരുന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണു പങ്കെടുത്തത്. എ.കെ. ആന്റണിയുമായും ഉമ്മന്‍ ചാണ്ടി വിശദമായ ചര്‍ച്ച നടത്തി.
എഐസിസിയിലെ ഓഫീസിലെത്തി ആന്ധ്രപ്രദേശ് കാര്യങ്ങളില്‍ മുഴുകിയ ശേഷം മുകുള്‍ വാസ്‌നിക്കുമായും ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. ഡല്‍ഹിയിലുണ്ടായിരുന്ന എംപിമാരായ ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവരും ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. പുതിയ പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും നിയമിച്ചതിനോടു വിയോജിപ്പില്ലെങ്കിലും തങ്ങളെ വിശ്വാസത്തിലെടുക്കാതെ നിയമനം നടത്തിയതില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പരസ്യമാക്കിയിരുന്നു.
ഗ്രൂപ്പുകളുടെ അതിപ്രസരം ഒഴിവാക്കണമെന്ന അഭിപ്രായത്തോട് ഇരുവരും കാര്യമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍, കേരളത്തില്‍ ഗ്രൂപ്പുകള്‍ യാഥാര്‍ഥ്യമാണെന്നും ഗ്രൂപ്പുകളെ ഒറ്റയടിക്കു പാടേ ഇല്ലാതാക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടുന്നു. ചെന്നിത്തലയെ കൂടി എഐസിസി ജനറല്‍ സെക്രട്ടറിയാക്കാനുള്ള നീക്കത്തിന് ഉമ്മന്‍ ചാണ്ടി പിന്തുണ അറിയിക്കും.
മോദി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന വിവാദ പരാമര്‍ശത്തിലുള്ള മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ ഹാജരാകാന്‍ പോയിരുന്നതിനാല്‍ രാഹുല്‍ ഇന്നലെ ഡല്‍ഹിയിലുണ്ടായിരുന്നില്ല. എഐസിസി നേതൃയോഗത്തിലും രാഹുലിന് ഇന്നലെ പങ്കെടുക്കാനായില്ല. മകന്‍ ചാണ്ടി ഉമ്മനോടൊപ്പം ഡല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടി ഇന്നു രാത്രി എറണാകുളത്ത് എത്തിയ ശേഷം പുതുപ്പള്ളിയിലേക്കു പോകും. അടുത്ത ദിവസം വിശാഖപട്ടണത്തേക്കു പോകും.