ഓൺലൈൻ വഴി ‘ബീജം വിതരണം’ ചെയ്ത് യുവാവ്: നിരവധി സ്ത്രീകൾക്ക് പുതുജീവിതം
മെൽബൺ:ആദം ഹൂപ്പര്‍ എന്ന ഓസ്‌ട്രേലിയക്കാരന്റെ ഇടപെടലിലൂടെ നിരവധി സ്ത്രീകളുടെ ആഗ്രഹമാണ് സഫലമായത്. ഓസ്‌ട്രേലിയയില്‍ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി വലിയ പ്രചാരം ലഭിച്ച അനൗപചാരിക ബീജ ദാനങ്ങൾക്ക് പിന്നിൽ 36 കാരനായ ആദം ഹൂപ്പർ ആണ്. ആദം മൂലം അനേകം കുടുംബങ്ങളിൽ സന്തോഷം നിറഞ്ഞു നിൽക്കുകയാണ്.
കോവിഡും തുടര്‍ന്നുവന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മൂലം ഓസ്‌ട്രേലിയയിലെ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിരുന്നു. ഇതോടെ, പലരുടെയും വഴി അടഞ്ഞു. ഓസ്‌ട്രേലിയയിലെ ഐവിഎഫ് ക്ലിനിക്കുകള്‍ക്ക് ബദലായി ആദം ഹൂപ്പർ ആരംഭിച്ച അനൗപചാരിക ബീജ വിതരണം ഫലം കണ്ടു. തന്റെ ഫേസ്‌ബുക്ക് പേജ് വഴിയായിരുന്നു ഹൂപ്പർ ഉപഭോക്താക്കളെ കണ്ടെത്തിയത്.
സ്‌പേം ഡൊണേഷന്‍ ഓസ്‌ട്രേലിയ എന്ന ആദം ഹൂപ്പറിന്റെ ഫെയ്സ്ബുക് ഗ്രൂപ്പില്‍ നാലായിരത്തോളം പേരാണ് കോവിഡിന് പിന്നാലെ അധികമായി ചേര്‍ന്നത്. ഇതോടെ ആകെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 11000 കവിയുകയും ചെയ്തു. കാത്തിരിപ്പും ധനനഷ്ടവുമില്ലാതെ എളുപ്പത്തില്‍ പ്രശ്‌നം പരിഹരിക്കാമെന്നതാണ് ഹൂപ്പറിന്റെ അടുക്കലേക്ക് ആളുകളെ എത്തിച്ചത്.വെറും പത്ത് ഡോളര്‍ മാത്രമാണ് ഹൂപ്പർ വാങ്ങുന്നത്. ഇതുവരെ 15 കുടുംബങ്ങള്‍ക്ക് ബീജദാനം നടത്തിയെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
അതേസമയം, ഐവിഎഫ് ക്ലിനിക്കുകളെ അപേക്ഷിച്ച് ഇത്തരം ഗ്രൂപ്പുകള്‍ യാതൊരു തരത്തിലുള്ള രേഖകളും സൂക്ഷിക്കാറില്ലെന്ന ആശങ്ക വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരം ഫെയ്സ്ബുക് ഗ്രൂപ്പുകള്‍ ലൈംഗിക പീഢനത്തിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.