മസാജ് സര്‍വ്വീസിനായി ഓണ്‍ലൈന്‍ തെരഞ്ഞ യുവാവിന്റെ ഭാര്യയുടെ ചിത്രവും വിശദാംശങ്ങളും ഡേറ്റിംഗ് ആപ്പില്‍! പണം നല്‍കണമെന്ന് ഭീഷണിയും

മുംബൈ: ഓണ്‍ലൈനില്‍ മസാജ് സര്‍വീസിനായി തിരഞ്ഞ ജ്വല്ലറി ഡിസൈനറായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഓണ്‍ലൈന്‍ മസാജിനായി ബന്ധപ്പെട്ട യുവാവിനോട് 50,000 രൂപ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് തുക നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഇയാളുടെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ഡേറ്റിംഗ് ആപ്പിലൂടെ പരസ്യമാക്കി. ലൈംഗിക തൊഴിലാളി എന്ന പേരിലാണ് യുവാവിന്റെ ഭാര്യയുടെ ചിത്രം തട്ടിപ്പുകാര്‍ പരസ്യമാക്കിയത്.

ഭാര്യയുടെ വിവരങ്ങള്‍ പരസ്യമാക്കി യുവാവില്‍ നിന്ന് പണം തട്ടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭീഷണി സഹിക്കാതായതോടെ യുവാവ് മുംബൈയിലെ എം.ഐ.ടി.സി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവാവിന്റെ വിശദാംശങ്ങള്‍ മനസിലാക്കിയ തട്ടിപ്പുകാര്‍ ഫേസ്ബുക്കില്‍ നിന്നാണ് ഇയാളുടെ ഭാര്യയുടെ ചിത്രങ്ങള്‍ സംഘടിപ്പിച്ചത്. ശേഷം ചിത്രം മോര്‍ഫ് ചെയ്ത് ഡേറ്റിംഗ് ആപ്പിലൂടെ പരസ്യപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം 14നാണ് യുവാവ് മസാജ് സര്‍വീസിനായി ഓണ്‍ലൈനില്‍ അന്വേഷിച്ചത്. തൊട്ടുപിന്നാലെ 16 മുതല്‍ ഭീഷണി തുടങ്ങി. ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഡേറ്റിംഗ് ആപ്പില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിന്റെ ലിങ്ക് വാട്സ്ആപ്പില്‍ ലഭിച്ചപ്പോഴാണ് യുവാവ് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞത്. ഓണ്‍ലൈനില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News