സാരിയുടുത്ത് ‘റൗഡിബേബി’യ്ക്ക് കിടിലന്‍ ചുവട് വെച്ച് സായ് പല്ലവി! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സായ് പല്ലവി. പിന്നിടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചു. അഭിനയത്തോടൊപ്പം നൃത്തവും തനിക്ക് വഴങ്ങുമെന്ന് നിരവധി തവണ താരം തെളിയിച്ചിട്ടുണ്ട്.
മാരി 2വിലെ ”റൗഡിബേബി” എന്ന ഗാനം അതിന് ഏറ്റവും നല്ല ഉദാഹരണമാണ്. മാരി 2 എന്ന ചിത്രത്തിലെ ആ ഗാനത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കിയത് ധനുഷിന്റെയും, സായിപല്ലവിയുടെയും നൃത്തചുവടുകളാണ്. ഇപ്പോഴിതാ സാരിയുടുത്തു റൗഡി ബേബിയുടെ വരികള്‍ക്ക്, വീണ്ടും നൃത്തച്ചുവടുകള്‍ വച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സായ് പല്ലവി. ‘ബിഹൈന്‍ഡ് വുഡ്’ പുരസ്‌കാര വേദിയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സായി നൃത്തം ചെയ്തത്. പ്രിയ താരത്തിന്റെ നൃത്തം ആവേശത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്.
അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് ‘ക്രിട്ടിക് ചോയ്‌സ് ബെസ്റ്റ് ഫീമെയില്‍ ആക്ടര്‍’ അവാര്‍ഡ് സായിക്ക് ലഭിച്ചത്. പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ വന്ന താരം അവതാരകയുടെ ആവശ്യപ്രകാരം റൗഡി ബേബി എന്ന ഗാനത്തിന് ഡാന്‍സ് ചെയ്യുകയായിരുന്നു. സായി നൃത്തം ചെയ്തതോടെ വേദിയും സദസും ആവേശത്തിലായി. ധനുഷ്, നിവിന്‍ പോളി , മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങളുടെ മുന്നിലാണ് സായി നൃത്തം ചെയ്തത്. ഇതോടെ സായിയുടെ റൗഡി ബേബി വീണ്ടും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.