മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം രണ്ടാഴ്ച്ചക്കുള്ളിൽ നിയന്ത്രിക്കാൻ മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതായി ചീഫ് സെക്രട്ടറിയുടെ അറിയിപ്പ്. എല്ലാ ഐഎഎസ് ഉദ്യോഗസ്ഥർക്കും നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയെ രണ്ടാഴ്ച്ചക്കുള്ളിൽ പിടിച്ചുകെട്ടണമെന്നാണ് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം. ഉദ്യോഗസ്ഥ തല അലംഭാവം കൊവിഡ് വ്യാപനം ഗുരുതരമാക്കിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെയാണ് കാലാവധി നിശ്ചയിച്ചു കൊണ്ടുള്ള ഈ നിർദ്ദേശങ്ങളും. ഇതോടൊപ്പം പൊലീസിന് കൂടുതൽ അധികാരം നൽകിയതും ചീഫ് സെക്രട്ടറി ഐഎഎസ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശങ്ങളിൽ പരാമർശിക്കുന്നു.
പ്രതിരോധ പ്രവർത്തനങ്ങളിൽ അധികാരം ജില്ലാ പൊലീസ് ഓഫീസർമാർക്കാണെന്നാണ് കത്തിൽ വ്യക്തമാക്കുന്നത്. കേന്ദ്ര നിർദ്ദേശത്തിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ഇൻസ്റ്റന്‍റ് കമാണ്ടർമാരാക്കണമെന്നാണ് നിർദ്ദേശം. എന്നാൽ കേന്ദ്ര ഉത്തരവിൽ നിന്നും വിരുദ്ധമായി ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിൽ പൊലീസുകാരെ കമാണ്ടർമാരാക്കും എന്നാണ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് അധികാരം കൂടുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അമർഷം പുകയുകയാണ്. രണ്ടാഴ്ച്ചക്കുള്ളിൽ കൊവിഡ് നിയന്ത്രിക്കണമെന്നത് തീർത്തും അപ്രായോഗികമെന്നും വിമർശനമുയരുന്നു.