KeralaNews

സംസ്ഥാനത്ത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനം; പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമൈക്രോണ്‍ സാമൂഹിക വ്യാപനമെന്ന് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. സമീപ ദീവസങ്ങളിലെ തീവ്ര കോവിഡ് വ്യാപനത്തിനു കാരണം ഇതാണെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മുപ്പതിനു മുകളില്‍ എത്തിയിരുന്നു.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കൊവിഡ് രോഗികള്‍ക്കിടയില്‍ നടത്തിയ സാംപിള്‍ പഠനത്തില്‍ 75 ശതമാനം പേരിലും ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു. കേരളത്തില്‍ സാമൂഹിക വ്യാപനം നടന്നതിന്റെ സൂചനയാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഔദ്യോഗികമായി കേരളത്തില്‍ ഇതുവരെ 528 പേരിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. വിദേശത്തു നിന്നു വരുന്നവരില്‍ കൊവിഡ് പോസിറ്റിവ് ആവുന്നവരെ മാത്രമാണ് നിലവില്‍ ഒമൈക്രോണ്‍ പരിശോധനയ്ക്കു വിധേയരാക്കുന്നത്.

ഇതിനാലാണ് ഒമൈക്രോണ്‍ കേസുകള്‍ കുറഞ്ഞുനില്‍ക്കുന്നതെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.”അടിയന്തരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ തോതിലാവുമെന്നാണ് മനസ്സിലാക്കേണ്ടത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതിദിന കേസുകള്‍ അന്‍പതിനായിരം കടക്കാനിടയുണ്ട്. ഒമൈക്രോണിന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്.

ടെസ്റ്റ് വര്‍ധിപ്പിക്കുക, ഐസൊലേഷന്‍ നടപടികള്‍ ശക്തമാക്കുക എന്നതാണ് ചെയ്യാനുള്ളത്.”- ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എഎസ് അനൂപ് കുമാറിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രുചിയും മണവും നഷ്ടമാവുന്നില്ലഅതിവേഗം വ്യാപിക്കുന്ന ഒമൈക്രോണ്‍ ഡെല്‍റ്റയുടേതുപോലെ തീവ്രമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല.

മണവും രുചിയും നഷ്ടമാവല്‍ ഒമൈക്രോണ്‍ ബാധിതരില്‍ കണ്ടുവരുന്നില്ല. ജലദോഷവും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ പനിയും ഉണ്ടാവും. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തുകയും സ്വയം ഐസൊലേറ്റ് ചെയ്യുകയുമാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button