തൃശ്ശൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമം; ബംഗാള്‍ സ്വദേശിനി പിടിയില്‍

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിനി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിനിയും 25 കാരിയുമായ സാത്തി ബീവി ആണ് പിടിയിലായത്. വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിഥി തൊഴിലാളിയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.

മൂര്‍ഷിദാബാദിലുള്ള ഭര്‍ത്താവ് അറിയാതെയാണ് യുവതി പെരുമ്പാവൂരില്‍ ജോലി ചെയ്യുന്ന പുരുഷ സുഹൃത്തിനെ കാണാന്‍ എത്തിയത്. ബംഗാള്‍ സ്വദേശിയായ സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെയും കൂട്ടി കൊല്‍ക്കത്തയിലേക്ക് കടക്കാനായിരുന്നു പദ്ധതിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ട്രാവല്‍ ഏജന്‍സി ഓഫീസിലും ബസുകളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടിക്കൂടിയത്. പെണ്‍കുട്ടിയെയും പ്രതിയെയും പെരുമ്പാവൂരില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News