റോഡില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്കിടിച്ച് കയറി രണ്ടു യുവാക്കള്‍ മരിച്ചു

കാട്ടാക്കട: റോഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന തടികളില്‍ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലിരുന്ന കള്ളിക്കാട് ആഴാംകാല്‍ സ്വദേശി സുരേഷിന്റെ മകന്‍ ശ്രീജിത്താണ് (21) ഇന്ന് പുലര്‍ച്ചെ മരിച്ചത്.

കള്ളിക്കാട് ആഴാംകാല്‍ മേലെ പുത്തന്‍വീട്ടില്‍ അനിയുടെ മകന്‍ അച്ചു(20) വാണ് ഞായറാഴ്ച മരിച്ചത്. ശ്രീജിത്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അച്ചുവും ശ്രീജിത്തും സഞ്ചരിച്ച ബൈക്കിന് പരുത്തിപ്പള്ളി-കള്ളിക്കാട് റോഡിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി 8.30 നും ഒന്പതിനും ഇടയ്ക്കയ്ക്കാണ് അപകടം നടന്നത്.

ബൈക്ക് യാത്രികര്‍ കുറ്റിച്ചല്‍ ഭാഗത്തേക്കു പോകുകയായിരുന്നു. ഈ റോഡില്‍ ശിവക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി റോഡരികില്‍ ഇട്ടിരുന്ന തടികളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. മലയോര ഹൈവേയുടെ ഭാഗമായ റോഡില്‍ തെരുവ് വിളക്കുകള്‍ ഇല്ല. റോഡ് പണിക്ക് മുറിച്ചിട്ട മരങ്ങള്‍ പലയിടത്തും നീക്കം ചെയ്യാതെ ഇട്ടിട്ടുണ്ട്.

കൂടാതെ പ്രദേശത്തെ മില്ലുകളിലെ തടികളും അനധികൃതമായി റോഡില്‍ അലക്ഷ്യമായി ഇട്ടിട്ടുണ്ട്. പലപ്പോഴും ഇവിടങ്ങളില്‍ ഇതുകാരണം അപകടങ്ങള്‍ പതിവാണ്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അച്ചു. ശ്രീജിത്ത് വിദ്യാര്‍ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News