മുംബൈ:രാമയണത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് ആദി പുരുഷെന്ന് നടന്‍ മുകേഷ് ഖന്ന. രാമയണത്തേക്കുറിച്ച് ഓം റൗട്ടിന് യാതൊരു അറിവില്ലെന്നും രാമയണത്തെ അദ്ദേഹം തമാശയാക്കിയെന്നും ഖന്ന ആരോപിച്ചു. ഭീഷ്മം ഇന്റര്‍നാഷണല്‍ എന്ന അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ആദി പുരുഷ് സിനിമ തന്നെ നിരാശപ്പെടുത്തിയ കാര്യം മുകേഷ് ഖന്ന പറഞ്ഞത്.
”ചിത്രത്തിന്റെ തിരക്കഥക്കും സംഭാഷണത്തിനും രാമയണത്തിന്റെ മുന്‍പതിപ്പുകളുമായി ഒരു സാമ്യവുമില്ല. ഇത്തരം ഭയാനകമായ സംഭാഷണങ്ങള്‍ എഴുതിയതിനും ഹനുമാനെ അവഹേളിച്ചതിനും ആദിപുരുഷിന്റെ സൃഷ്ടാക്കള്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. ഹോളിവുഡ് ചലച്ചിത്ര നിര്‍മാണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓം റൗട്ട് ആദി പുരുഷില്‍ അനാവശ്യ ഘടകങ്ങള്‍ കുത്തി നിറച്ചത്. ഒരു സാങ്കല്‍പ്പിക സിനിമയില്‍ സിനിമാറ്റിക് സ്വാതന്ത്ര്യം എടുക്കാം, പക്ഷേ ദൈവിക കഥാപാത്രങ്ങളെ ദുരുപയോഗം ചെയ്ത് രാമായണത്തെ അപകടകരമായ തമാശയാക്കുകയാണ് ആദി പുരുഷ്,” മുകേഷ് ഖന്ന പറഞ്ഞു.
‘അമിതമായ ടാറ്റൂകളുള്ള ഗുസ്തിക്കാരനെ പോലെയാണ് മേഘനാഥനെ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ രാമായണത്തിന് അനുയോജ്യമല്ല.
സിനിമയിലെ മേഘനാഥന്റെയും രാവണന്റെയും കഥാപാത്രങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ”അമിതമായ ടാറ്റൂകളുള്ള ഗുസ്തിക്കാരനെ പോലെയാണ് മേഘനാഥനെ ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ രാമായണത്തിന് അനുയോജ്യമല്ല. യഥാര്‍ഥ കഥയില്‍ രാവണനെ ഭയപ്പെടുത്തുന്ന കഥാപാത്രമാണ് മേഘനാഥന്‍, എന്നാല്‍ കോമഡി കഥാപാത്രമായാണ് ആദി പുരുഷില്‍ അവതരിപ്പിച്ചിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു
പ്രഭാസ് രാമന്റെ കഥാപാത്രത്തിന് അനുയോജ്യനാണ്, അദ്ദേഹം പ്രതിഭാധനനായ നടനുമാണെന്ന് ഖന്ന പറഞ്ഞു. എന്നാല്‍ കേവലം ശാരീരിക രൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പകരം ശ്രീരാമനെ കുറിച്ച് ആഴത്തിലുള്ള അറിവ് സിനിമയ്ക്ക് ആവശ്യമാണെന്നും ടിവി സീരിയലായ രാമായണത്തിലെ രാമനെ അരുണ്‍ ഗോയല്‍ അവതരിപ്പിച്ചതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാമയണത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കണമെന്നും ഖന്ന ചലച്ചിത്ര പ്രവര്‍ത്തകരോട് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.
വിവാദങ്ങള്‍ക്കിടയിലും വെള്ളിയാഴ്ച റിലീസായ ആദി പുരുഷിന്റെ രണ്ടാം ദിവസത്തെ ഇന്ത്യയിലെ ബോക്‌സോഫീസ് കളക്ഷന്‍ 130 കോടി കടന്നു. പ്രഭാസ്, സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 500 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്
രാമായണം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം ആദിപുരുഷ് നിരോധിക്കണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. രണ്ടാം തവണയാണ് ഓംറൗട്ടിന്റെ ആദി പുരുഷനെതിരെ അയോധ്യയിലെ സന്യാസിമാർ രംഗത്തെത്തുന്നത്.
രാമായണത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ വികൃതമായാണ് അവതരിപ്പിക്കുന്നതെന്ന ആരോപണവുമായി കഴിഞ്ഞ ഒക്ടോബറിൽ തന്നെ സന്യാസിമാർ രംഗത്തെത്തിയിരുന്നു. രാമായണത്തിലെ കഥാപാത്രങ്ങളെ വ്യാഖ്യാനിക്കുന്നതിൽ നിർമാതാക്കൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും ഹിന്ദു ദൈവങ്ങളെ വിചിത്രമായാണ് ചിത്രീകരിച്ചതെന്നും ഹനുമാനെ മീശയില്ലാതെ താടി മാത്രമുള്ളതായാണ് അവതരിപ്പിച്ചതെന്നുമായിരുന്നു പ്രധാന ആരോപണം.
ചിത്രത്തിലെ സംഭാഷണങ്ങൾ അരോചകമാണെന്നും അതുകൊണ്ട് തന്നെ ചിത്രം ഉടനെ നിരോധിക്കണമെന്നുമാണ് സന്യാസിമാർ പ്രതികരിച്ചത്. ശ്രീരാമനേയും ഹനുമാനേയും രാവണനേയും വിരൂപരായാണ് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചറിഞ്ഞതും മനസിലാക്കിയതുമായ കാര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്നും രാമജന്മഭൂമിയിലെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.
ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടു. ഹിന്ദു വികാരങ്ങൾ മനസിലാക്കാതെയും മാനിക്കാതെയും പുറത്തിറങ്ങുന്ന ബോളിവുഡ് സിനിമകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ആദിപുരുഷെന്നും രാജു ദാസ് ആരോപിച്ചു
500 കോടി മുതൽ മുടക്കിലിറങ്ങിയ ആദിപുരുഷ് എന്ന ചിത്രത്തിന് വലിയ വിമർശനങ്ങളാണ് ഇതിനോടകം തന്നെ നേരിടേണ്ടി വന്നത്. ചിത്രത്തിലെ സംഭാഷണങ്ങളേയും വിഎഫ്എക്സ് നിലവാരത്തെയുമൊക്കെ കുറിച്ച് വലിയ വിമർശനം ഉയർന്നിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും സിനിമ വിജയകരമായാണ് തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം.പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലിഖാനും ആണെത്തിയത്.