പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍,യാത്രാക്കൂലി സ്വയം വഹിയ്ക്കണം,മടങ്ങിവരുന്നവര്‍ക്കുള്ള നിബന്ധനകള്‍ ഇങ്ങനെ
ഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണിനേത്തുടര്‍ന്ന് ഗള്‍ഫിലടക്കം ലോകത്തെ വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തില്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യാത്രചിലവ് തിരികെ മടങ്ങുന്നവര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്.
മെയ് ഏഴ് മുതലാവും പ്രവാസികളെ മടക്കി കൊണ്ടു വരിക. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും നടപടികള്‍. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്‌ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക. വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും.
വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്‌ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍ തിരികെയെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. വീസാ കാലാവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രം ഉടന്‍ മടക്കത്തിന് അനുമതി നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്രപട്ടികയില്‍ നിലവിലുള്ളത് രണ്ട് ലക്ഷംപേര്‍ മാത്രമാണ്. തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളും കേരളം വേഗത്തിലാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാല് ലക്ഷത്തോളം പേരാണ് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് എല്ലാവര്‍ക്കും ഉടന്‍ നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയില്ലെന്ന് തന്നെയാണ് കേന്ദ്ര നിലപാടിലൂടെ വ്യക്തമാക്കുന്നത്.
ആര്‍ക്കൊക്കെ മുന്‍ഗണന നല്‍കണമെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലും സൂചനകള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കിനപ്പുറത്ത് അതാത് എംബസികള്‍ നല്‍കുന്ന മുന്‍ഗണന ലിസ്റ്റ് അടക്കം പരിഗണിച്ചാകും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. അതില്‍ തന്നെ വീസാ കാലാവധി കഴിഞ്ഞവര്‍ മുതല്‍ ചികിത്സാ ആവശ്യത്തിന് അടക്കം മടങ്ങി വരവ് ആഗ്രഹിക്കുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. പ്രത്യേക വിമാനത്തിലും കപ്പലിലും എല്ലാമായി പ്രവാസികളെ മടക്കി കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നത് കൊണ്ട് തന്നെ അന്തിമ പട്ടികയില്‍ ഇന്ത്യയിലാകെ ഉള്ളത് ഒരു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം പേരാണ് എന്നാണ് വിവരം.,/p>
നോര്‍ക്കവഴിയും എംബസി വഴിയും 413000 പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 61009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികളായ 9827 പേര്‍ രജിസ്‌ട്രേഷന്‍ പട്ടികയിലുണ്ട്. 41236 പേര്‍ സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരാണ്. വീസാ കാലവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടതോ ആയ 27100 പേരും ജയില്‍ മോചിതരായ 806 പേരും നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്.