28.9 C
Kottayam
Thursday, April 18, 2024

ദ്വീപുകാരല്ലാത്തവർ ലക്ഷദ്വീപിൽ നിന്ന്​ മടങ്ങണം;വിവാദ ഉത്തരവ് നടപ്പിലാക്കി ഭരണകൂടം

Must read

കൊച്ചി: ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. ഇതോടെ കേരളത്തിൽ നിന്നുമുള്ള തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്നും മടങ്ങിത്തുടങ്ങി.30ാം തിയ്യതി മുതൽ ലക്ഷദ്വീപ് യാത്രയ്ക്ക് സന്ദർശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ട് മെയ് 29നാണ് ഉത്തരവ് ഇറക്കിയത്. 30ാം തിയ്യതി മുതൽ തന്നെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതോടെ ജൂൺ ആറിന് ശേഷം എ.ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമെ ദ്വീപിൽ തുടരാൻ കഴിയു.

തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കർശന നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് വ്യക്തമായതോടെ ലക്ഷദ്വീപിൽ നിന്ന് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ മടങ്ങുകയാണ്. എ.ഡി.എം പാസ് പുതുക്കി നൽകുന്നില്ലെന്ന പരാതിയാണ് ദ്വീപിൽ നിന്നുയരുന്നത്. സന്ദർശക പാസുമായി എത്തിയവർ നേരത്തെ തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദ്വീപിൽ നിന്ന് മടങ്ങിയിരുന്നു. അതേ സമയം ലക്ഷദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പുതിയ നിയന്ത്രണങ്ങൾക്ക് പിന്നിലെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഉൾപ്പെടെ ആരോപിക്കുന്നത്.

ദ്വീപിലുള്ളവരെ മാത്രം അവിടെ നിർത്തികൊണ്ട് മറ്റുള്ളവരെ പുറത്താക്കുന്നതിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ദ്വീപിലെ പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ മുന്നോട്ട് പോകുമ്പോഴാണ് ഭരണകൂടം നടപടികൾ കടുപ്പിക്കുന്നത്. കവരത്തി മിനിക്കോയി ദ്വീപുകളിലെ പഞ്ചായത്തുകളിലടക്കം പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്തുകൾ അഡ്മിനിസ്ട്രേറ്ററുടെ പ്രതിനിധികൾക്കയച്ചു. ദ്വീപിലെ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് മുതിർന്ന 93 സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയ്ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week