എച്ച്‌ഐവി ബാധിതയായ യുവതിയിൽ കൊറോണവൈറസ് നിലനിന്നത് 216 ദിവസം; സംഭവിച്ചത് 30 തോളം വ്യതിയാനങ്ങള്‍
കേപ് ടൗൺ: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കൻ യുവതിയിൽ കോവിഡ്-19 ന് കാരണമായ കൊറോണവൈറസിന് അപകടകരമായ നിരവധി വകഭേദങ്ങൾ ഉണ്ടായതായി ഗവേഷകസംഘത്തിന്റെ കണ്ടെത്തൽ. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയിൽ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങൾ സംഭവിച്ചതായി മെഡ്ആർക്കൈവ്(medRxiv) എന്ന മെഡിക്കൽ ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
2006 ലാണ് ക്വാസുലു നതാൽ സ്വദേശിയായ യുവതിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തുടർന്ന് യുവതിയുടെ പ്രതിരോധശേഷി കാലക്രമേണ കുറഞ്ഞുവന്നു. 2020 സെപ്റ്റംബറിൽ കോവിഡ് ബാധിച്ച യുവതിയിൽ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തക്ക വിധത്തിൽ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചതായാണ് റിപ്പോർട്ട്. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ E484K,(ആൽഫ വകഭേദത്തിൽ പെടുന്നത്), N510Y(ബീറ്റ വകഭേദത്തിൽ പെടുന്നത്)എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
യുവതിയിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകർന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് ഗവേഷകർ പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നതാൽ മേഖലയിൽ കോവിഡ് വൈറസിന്റെ വിവിധ വകഭേദങ്ങൾ കണ്ടെത്തിയതിൽ യാദൃശ്ചികതയില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ പ്രദേശത്ത് പ്രായപൂർത്തിയായ നാല് പേരിൽ ഒരാളെങ്കിലും എച്ച്ഐവി പോസിറ്റീവാണെന്നതാണ് കാരണം.
എച്ച്ഐവി ബാധിതർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയ്ക്കും അത് മൂലം ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്കുമുള്ള തെളിവുകൾ കുറവാണ്. എങ്കിലും ഗുരുതര എച്ച്ഐവി ബാധിതർ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.റിപ്പോർട്ട് തയ്യാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ പറയുന്നു. പഠനം നടത്തിയ യുവതിയിൽ കോവിഡിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമായിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
എച്ച്ഐവി ബാധിതരെ കണ്ടെത്താനുള്ള പരിശോധന ഊർജ്ജിതപ്പെടുത്തുന്നത് എച്ച് ഐവി മൂലമുള്ള മരണനിരക്കും രോഗവ്യാപനവും തടയാൻ സഹായിക്കുമെന്നും പുതിയ കോവിഡ് വൈറസ് വകഭേദങ്ങളുണ്ടാവുന്നതും കോവിഡിന്റെ പുതിയതരംഗങ്ങളുണ്ടാകുന്നതും പ്രതിരോധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എച്ച്ഐവി ബാധിതരിലെ വൈറസ് വ്യതിയാനം ഏറ്റവുമധികം ബാധിക്കാനിടയാകുന്നത് ഇന്ത്യയിലായിരിക്കുമെന്നും ട്യുലിയോ മുന്നറിയിപ്പ് നൽകുന്നു.