ചെന്നൈ : തനടന്‍ കമല്‍ ഹാസന് ഉലകനായകന്‍ എന്ന വിശേഷണമാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നടനെ കുറിച്ച് പറയുമ്പോള്‍ ഈ പേരും പറയാറുണ്ട്. എന്നാല്‍ ഇനി അങ്ങനെ ഒരു പേരില്‍ തന്നെ വിശേഷിപ്പിക്കരുതെന്ന് പറയുകയാണ് നടന്‍.
ആരാധകരെ എല്ലാം ഞെട്ടിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമല്‍ ഹാസന്‍. മാത്രമല്ല തന്നെ ഇനി വിളിക്കേണ്ടത് ഏതൊക്കെ പേരുകള്‍ ആണെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പ്രസ്താവനയിലൂടെ അദ്ദേഹം വ്യക്തമാക്കി.
നിങ്ങളെല്ലാവരും എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഉലകനായകന്‍ എന്നത് ഉള്‍പ്പെടെയുള്ള പല പേരുകളും വിളിച്ചത്. സഹപ്രവര്‍ത്തകരായ കലാകാരന്മാരും ആരാധകരും നല്‍കുന്ന പ്രശംസകളില്‍ ഞാന്‍ സന്തുഷ്ടനാണ്. നിങ്ങളുടെ സ്‌നേഹത്തിന് ഞാന്‍ എന്നും നന്ദിയുള്ളവന്‍ ആയിരിക്കും. ഏതൊരു വ്യക്തിയെക്കാളും സിനിമ എന്ന കല വലുതാണ്. അതിനെപ്പറ്റി കൂടുതല്‍ പഠിക്കാനും കലയില്‍ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ഞാന്‍.
മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും ഒക്കെ കൂട്ടായ്മയിലാണ് സിനിമ രൂപപ്പെടുന്നത്. കലാകാരന്‍ കലയെക്കാള്‍ വലുതല്ല എന്നാണ് എന്റെ ആഴത്തിലുള്ള വിശ്വാസം. എന്റെ അപൂര്‍ണ്ണതകളെ കുറിച്ചും ഇനിയും മെച്ചപ്പെടാനുള്ള കടമകളെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. മേല്‍പ്പറഞ്ഞ തലക്കെട്ടുകളും വിശേഷണങ്ങളും മാന്യമായി നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. വര്‍ഷങ്ങളോളം എനിക്ക് തന്ന സ്‌നേഹത്തിനും ദയക്കുമൊക്കെ നന്ദി. ഈ തീരുമാനം വിനയത്തിന്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വാസത പുലര്‍ത്താനുള്ള ആഗ്രഹത്തില്‍ നിന്ന് വന്നതാണെന്ന് ദയവായി മനസ്സിലാക്കണമെന്നും’, കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.