ന്യൂഡൽഹി:സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആർ. പഠനസംഘത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധർ സംശയിക്കുന്നതിനിടെ നേരിയ ആശ്വാസം പകരുന്നതാണ് റിപ്പോർട്ട്.
ഇന്ത്യയിൽ ഉദ്ഭവിച്ച് മറ്റുരാജ്യങ്ങളിലുൾപ്പെടെ വ്യാപിച്ച ഡെൽറ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വ്യക്തമാക്കി.
ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളിൽനിന്നായി 835 സാംപിളുകൾ പരിശോധിച്ചതിൽ 753-ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്. ഈയിടെ പെറു, ചിലി എന്നിവിടങ്ങളിലും (സി.37) യു.എസിലും (എ.വൈ.3) ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്ന് വിദഗ്ധർ പറയുന്നു.
സംസ്ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ആൻഡ് റീജണൽ ലബോറട്ടറീസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് (എം.ജി. സർവകലാശാല), കാസർകോട് കേന്ദ്രസർവകലാശാല, 14 ജില്ലകളിലെയും സർവൈലൻസ് യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സി.എസ്.ഐ.ആർ. പഠനം നടത്തുന്നത്. ഇത്തരം വിശകലനം രാജ്യത്താദ്യം തുടങ്ങിയത് കേരളത്തിലാണെന്ന് പഠനസംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്കറിയ ‘മാതൃഭൂമി’യോട് പറഞ്ഞു. സംസ്ഥാനത്തിപ്പോൾ ഇത്രയും കേസുകൾ കൂടാൻ കാരണം പുതിയ വകഭേദമാകാമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയെ തുടക്കത്തിൽ നന്നായി നേരിടുകയും വാക്സിനേഷൻ തീവ്രമാക്കുകയും ചെയ്തിട്ടും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ കോവിഡ് കുറയാത്തത് പരിശോധിക്കേണ്ടതാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഉയർന്ന വ്യാപനത്തിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് ‘ആര്‍- വാല്യു’ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് വ്യാപനം കണ്ടുവരുന്ന പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ പ്രത്യുത്പാദന സംഖ്യയുടെ സൂചകമാണ് ആര്‍- വാല്യൂ. രോഗബാധിതനായ ഒരാളില്‍ നിന്ന് എത്രപേര്‍ രോഗബാധിതരാകാമെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
രാജ്യത്ത് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്ബോഴാണ് പുതിയ മുന്നറിയിപ്പ്. കേരളത്തിലും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്.
ആര്‍- വാലു .96ല്‍ നിന്ന് ഒന്നിലേക്ക് നീങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു. ഒരാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാനുള്ള അപകട സൂചനയാണ് ഇത് നല്‍കുന്നത്. കോവിഡ് കേസുകള്‍ കൂടുതലായി കണ്ടുവരുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണം. പരിശോധന, സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ചികിത്സ തുടങ്ങി അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.
ചിക്കന്‍പോക്‌സിന്റെ ആര്‍- വാല്യു എട്ടോ എട്ടിന് മുകളിലോ ആണ്. ഒരാളില്‍ നിന്ന് എട്ടുപേരിലേക്ക് രോഗം പകരാം എന്നാണ് ഈ കണക്ക് കാണിക്കുന്നത്. അതുപോലെ കൊറോണ വൈറസും അതിവേഗം പടരുന്ന ഒന്നാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ കുടുംബത്തിലെ ഒരാള്‍ക്ക് വൈറസ് ബാധ ഉണ്ടായപ്പോള്‍ മറ്റു മുഴുവന്‍ അംഗങ്ങളെയും ബാധിച്ചതായി കണ്ടതാണ്. ചിക്കന്‍പോക്‌സ് സമാനമായ രീതിയിലാണ് ബാധിക്കുന്നത്. ഡെല്‍റ്റ വകഭേദം ഒരാളെ ബാധിച്ചാല്‍ കുടുംബം മുഴുവന്‍ അപകടത്തിലാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.