കോട്ടയം: കോളജ് വിദ്യാര്‍ത്ഥിനി നിതിനാമോളെ കൊലപ്പെടുത്താന്‍ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങളോടെ. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച് ഒരാഴ്ച മുന്‍പുതന്നെ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ തിരഞ്ഞു മനസിലാക്കിയിരുന്നു. കൊലപാതകം നടത്തിയാല്‍ കിട്ടാവുന്ന ശിക്ഷയെക്കുറിച്ചും പ്രതി തിരഞ്ഞിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതല്‍ വായിച്ചത്. എവിടെയുള്ള ഞരമ്പുകള്‍ മുറിച്ചാല്‍ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തില്‍ എത്ര ഞരമ്പുകളുണ്ടന്നും അവയില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളില്‍ പരിശോധിച്ചു. കഴുത്തില്‍ മുറിവേല്‍പ്പിക്കുമ്പോള്‍ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു.
കൊല നടത്തിയാല്‍ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകള്‍ എന്നിവയും മനസ്സിലാക്കി.ആറു രൂപയ്ക്ക് വാങ്ങിയ ബ്ലേഡുകൊണ്ടാണ് നിതിനയുടെ കഴുത്തറുത്തത്. ഒരാഴ്ച മുന്‍പ് വാങ്ങിയ ബ്ലേഡ് തെര്‍മോകോള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന എന്‍ടി കട്ടറിലേക്ക് മാറ്റിയിരുന്നു. പഞ്ചഗുസ്തി അഭ്യസിച്ചിരുന്ന അഭിഷേകിന് ആളുകളെ കീഴ്‌പ്പെടുത്തുന്ന രീതി നന്നായി അറിയാമെന്നു പൊലീസ് പറയുന്നു.
പാലാ സെന്റ് തോമസ് കോളജ് ക്യാംപസില്‍വച്ച് ആക്രമിക്കുന്നതിനു തൊട്ടു മുന്‍പ് അഭിഷേക് കഴുത്തില്‍ കുത്തിപ്പിടിച്ചതോടെ നിതിനയുടെ വോക്കല്‍ കോഡിന് തകരാര്‍ സംഭവിച്ച് അര്‍ധ അബോധാവസ്ഥയിലേക്കു വീണു. ഇതാണു നിതിനയുടെ ഭാഗത്തുനിന്നു പ്രതിരോധമോ കരച്ചിലോ കാര്യമായി ഉണ്ടാകാതിരുന്നത്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു.
ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതില്‍, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താല്‍ തൂക്കിക്കൊല്ലാന്‍ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. നിതിനയുടെയും അഭിഷേകിന്റെയും ഫോണുകള്‍ സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. നിതിനയുടെ ഫോണ്‍ അഭിഷേക് തട്ടിയെടുത്തെങ്കിലും അതിന്റെ പാസ്വേഡ് അറിയാത്തതിനാല്‍ തുറക്കാന്‍ സാധിച്ചില്ലെന്നും മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഭിഷേകിനെ ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ വിട്ടു കിട്ടുന്നതിനായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും.