KeralaNews

നിപ: ഇന്നും പുതിയ കേസുകളില്ല; നിയന്ത്രണവിധേയമെന്ന് കേന്ദ്രവും

തിരുവനന്തപുരം: പബ്ലിക് ഹെല്‍ത്ത് ലാബുകളുള്‍പ്പെടെയുള്ള സ്റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.

നിപബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാറും വ്യക്തമാക്കി. സ്ഥിതിഗതികള്‍ കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സംഘം സാംപിളുകള്‍ ശേഖരിച്ച് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും കേന്ദ്രമന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.

പബ്ലിക് ഹെല്‍ത്ത് ലാബുകളിലുള്‍പ്പെടെ ട്രൂനാറ്റ് പരിശോധനാ സംവിധാനമൊരുക്കും. ഐ.സി.എം.ആര്‍. മാനദണ്ഡ പ്രകാരം എസ്.ഒ.പി. തയ്യാറാക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. എസ്.ഒ.പി. ലഭിക്കുന്ന മുറയ്ക്ക് മുന്‍ഗണനാ ക്രമത്തില്‍ പരിശീലനം നല്‍കി ലാബുകള്‍ സജ്ജമാക്കുന്നതാണ്.

നിപ പോസിറ്റീവ് ആയവരുടെ മറ്റ് ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒറ്റ ദിവസം കൊണ്ട് സജ്ജമാക്കി. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങള്‍. മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker