വയനാട്: കുറുക്കന്‍മൂലയില്‍ കടുവയുടെ പുതിയ കാല്‍പ്പാടുകള്‍ കണ്ടെത്തി. വളര്‍ത്തുനായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നത് കേട്ട് നടത്തിയ പരിശോധനയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
അരമണിക്കൂര്‍ മാത്രം പഴക്കമുള്ള ഈ കാല്‍പാടുകള്‍ കാടിനോടു ചേര്‍ന്ന ജനവാസമേഖലയിലാണ് കണ്ടെത്തിയത്. കടുവ കടന്നുപോയതിന്റെ കാല്‍പ്പാടാകാം ഇതെന്ന് വനംവകുപ്പും അറിയിച്ചു.
അതേസമയം കടുവയിറങ്ങിയ വയനാട് കുറുക്കന്മൂലയിലും അയല്‍ പ്രദേശങ്ങളിലും വനം വകുപ്പിന്റെ നടപടികള്‍ കാര്യക്ഷമമല്ലെന്ന പരാതിയുന്നയിച്ച നാട്ടുകാര്‍ക്കെതിരെ വനംവകുപ്പുദ്യോഗസ്ഥന്റെ കത്തി കത്തി കാട്ടി ഭീഷണി മുഴക്കി. കടുവയെ പിടികൂടേണ്ട ചുമതലയുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ അംഗമാണ് നാട്ടുകാര്‍ക്കു നേരെ കത്തിയൂരാന്‍ ശ്രമിച്ചത്. ജനക്കൂട്ടത്തിനു നേരെ കുതിക്കുന്നതിനിടെ അരയില്‍ നിന്നു കത്തിയെടുക്കാനുള്ള ശ്രമം സഹഉദ്യോഗസ്ഥര്‍ തടഞ്ഞു.
കടുവയെ തിരഞ്ഞിറങ്ങുന്ന വനപാലക സംഘത്തിനു മരച്ചില്ലകളും കുറ്റിക്കാടുമെല്ലാം വെട്ടിനീക്കാനാണു കത്തി നല്‍കിയിരിക്കുന്നത്. പുലര്‍ച്ചെ പുതിയിടത്ത് കടുവയെ കണ്ട വിവരം ഉടന്‍ അറിയിച്ചിട്ടും പിടികൂടാന്‍ നീക്കം ഉണ്ടായില്ലെന്ന വിവരം വയനാട് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുമായി നാട്ടുകാര്‍ സംസാരിക്കുന്നതിന് ഇടയിലാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. പ്രതിഷേധിച്ച കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ വനപാലകര്‍ തള്ളി മാറ്റിയതോടെ നാട്ടുകാരും പ്രതിഷേധം കനപ്പിച്ചു. ഇതിനിടെയാണ് ഉദ്യോഗസ്ഥന്‍ നിലവിട്ടു പെരുമാറിയത്.
കത്തിയെടുത്ത വനപാലകന് എതിരെ നടപടി വേണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മാപ്പ് പറയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആഴ്ചകളായി ഊണും ഉറക്കവും ഉപേക്ഷിച്ച് കടുവ ദൗത്യത്തിന് ഇറങ്ങിയ ഉദ്യോഗസ്ഥരോട് ചിലര്‍ മോശമായി പെരുമാറിയെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയത്ത് വനപാലകരുടെ ആത്മവീര്യം തകര്‍ക്കുന്ന നിലപാട് ശരിയല്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും നിലപാടെടുത്തു. വനം വകുപ്പ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.