ശുചിമുറി തകര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍
തിരുനെല്‍വേലി: തമിഴ്നാട് തിരുനെല്‍വേലിയിലെ സ്‌കൂളില്‍ ശുചിമുറി തകര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സോളമന്‍ സെല്‍വരാജ്, പ്രധാനാധ്യാപിക ജ്ഞാനശെല്‍വി, കോണ്‍ട്രാക്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. എയ്ഡഡ് സ്‌കൂളായ ഷാഫ്റ്റര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അപകടം നടന്നത്.
ശുചിമുറി കെട്ടിടത്തിന് സമീപത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുകളിലേക്കാണ് കെട്ടിടം തകര്‍ന്നുവീണത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഡി വിശ്വരഞ്ജന്‍, കെ അന്‍പഴകന്‍ എന്നിവര്‍ സംഭവ സ്ഥലത്തും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആര്‍ സുതീഷ് ആശുപത്രിയിലും മരിച്ചു. ഗുരുതര പരുക്കുകളോടെ മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേസമയം പരിശോധനകള്‍ നടക്കുന്നതിനാല്‍ സ്‌കൂളിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് പൊലീസും നാട്ടുകാരും ചേര്‍ന്നാണ്. ഉന്നത അധികാരികള്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് എഡ്യുക്കേഷണല്‍ ഓഫിസര്‍ സുഭാഷിണി ഉത്തരവ് നല്‍കിയിട്ടുണ്ട്.