വാട്‌സാപ്പിൽ സ്റ്റിക്കറുകൾ നിർമിച്ച് പങ്കുവെക്കാം, ചാറ്റുകൾ രസകരമാക്കാം
ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെസേജിങ് അനുഭവം മികച്ചതാക്കുന്നതിനായി ആകര്‍ഷകമായ ഒട്ടേറെ ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനില്‍ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും എഡിറ്റ് ചെയ്യാനും അയക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിച്ച് പങ്കുവെക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും.
ചാറ്റുകളെ കുടുതല്‍ രസകരമാക്കി മാറ്റാന്‍ സഹായിക്കുന്ന ഫീച്ചറുകളിലൊന്നാണ് സ്റ്റിക്കറുകള്‍. ചിലപ്പോള്‍ ഒരു ടെക്സ്റ്റ് സന്ദേശം അയക്കുന്നതിനേക്കാള്‍ ഫലം ചെയ്യും സ്റ്റിക്കറുകള്‍. വാട്‌സാപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറില്‍ ഫോണിലുള്ള ചിത്രങ്ങളെ സ്റ്റിക്കറുകളാക്കി മാറ്റാനാവും.
ഓട്ടോ ക്രോപ്പ് ചെയ്യാനും സ്റ്റിക്കറുകളില്‍ ടെക്സ്റ്റുകള്‍ ചേര്‍ക്കാനും വരയ്ക്കാനുമെല്ലാം കഴിയും. ഇങ്ങനെ നിര്‍മിച്ച് അയക്കുന്ന സ്റ്റിക്കറുകള്‍ സ്റ്റിക്കര്‍ ട്രേയില്‍ ഓട്ടോമാറ്റിക് ആയി സേവ് ചെയ്യപ്പെടും. ഇത് പിന്നീട് എപ്പോള്‍ വേണമെങ്കിലും പങ്കുവെക്കാം.
സ്റ്റിക്കര്‍ എങ്ങനെ നിര്‍മിക്കാം
- ചാറ്റ് തുറന്ന് താഴെ ടെക്സ്റ്റ് ബോക്‌സിന് വലത് വശത്തുള്ള സ്റ്റിക്കര്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക.
- ‘ക്രിയേറഖ്‌റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക
- ശേഷം തുറന്നുവരുന്ന എഡിറ്റിങ് ടൂളില്‍ ചിത്രം ആവശ്യാനുസരണം ക്രോപ്പ് ചെയ്ത് ടെക്സ്റ്റും മറ്റ് സ്റ്റിക്കറുകളും ചേര്‍ക്കാം.
- ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്താല്‍ സ്റ്റിക്കര്‍ അയക്കാം.
സ്റ്റിക്കര്‍ എങ്ങനെ എഡിറ്റ് ചെയ്യാം?
- സ്റ്റിക്കര്‍ ട്രേയില്‍ നിന്ന് എഡിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്റ്റിക്കറില്‍ ലോങ് പ്രസ് ചെയ്യുക.
- ‘ എഡിറ്റ് സ്റ്റിക്കര്‍’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
- ശേഷം സ്റ്റിക്കറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താം
- ശേഷം സെന്റ് ബട്ടന്‍ ടാപ്പ് ചെയ്യുക
വാട്‌സാപ്പ് വെബ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ നേരത്തെ തന്നെ ലഭ്യമാണ്. വരും ദിവസങ്ങളില്‍ ഐഒഎസ് 17 ന് ശേഷമുള്ള ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാവും. ഇതിന് പഴയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ സ്റ്റിക്കര്‍ എഡിറ്റ് ചെയ്യാനാവുമെങ്കിലും പുതിയത് നിര്‍മിക്കാനാവില്ല.