ന്യൂയോര്‍ക്ക്: ഓരോ നാലു മാസത്തിനും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നതിനാല്‍ കോവിഡ് യൂറോപ്പിലും ഏഷ്യയിലും കടുത്ത ഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎന്‍ മുന്നറിയിപ്പ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആണ് കോവിഡിന്റെ പുതിയ തരംഗത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എല്ലായിടത്തും എല്ലാ വ്യക്തികള്‍ക്കും വാക്‌സിനുകള്‍ എത്തിക്കാന്‍ സര്‍ക്കാരുകളും മരുന്നു കന്പനികളും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരോ ദിവസവും 15 ലക്ഷം കോവിഡ് കേസുകളാണ് ലോകമെന്പാടുമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഏഷ്യയുടെ ചില ഭാഗങ്ങളില്‍കോവിഡ് സ്‌ഫോടനങ്ങള്‍ തുടരുകയാണ്. അതേസമയം, യൂറോപ്പില്‍ ഉടനീളം പുതിയ തരംഗമാണ് കാണുന്നത്. ചില രാജ്യങ്ങളില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും കൂടിയ മരണ നിരക്കും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. കൊവിഡിന്റെ വ്യാപന ശേഷി എത്രത്തോളം വേഗമുള്ളതാകാമെന്നതിന്റെ സൂചനയാണ് ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ്. മുന്‍ നിര രാജ്യങ്ങള്‍ രണ്ടാം ബൂസ്റ്റര്‍ ഡോസിനായി ഒരുങ്ങുന്‌പോള്‍ മനുഷ്യരാശിയുടെ മൂന്നിലൊന്ന് ഇനിയും ഒറ്റ വാക്‌സിന്‍ പോലും എടുക്കാതെ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത വകഭേദം എപ്പോള്‍ എന്ന ചോദ്യം മാത്രമാണ് ലോകത്തിനു മുന്നില്‍ ശേഷിക്കുന്നത്. സന്പന്ന രാജ്യങ്ങളില്‍ മാത്രമല്ല ലോകത്തിന്റെ എല്ലാ കോണിലേക്കും വാക്‌സിന്‍ എത്തേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ രൂപം മുന്‍ വൈറസുകളേക്കള്‍ വ്യാപനശേഷി കൂടുതലുള്ളവയാണെന്നാണ് കാണുന്നത്. ജനുവരി 19ന് യുകെയില്‍ XE വകഭേദം (BA.1 -BA.2) ആദ്യമായി കണ്ടെത്തി.
രാജ്യതലത്തില്‍, ഏറ്റവും കൂടുതല്‍ പ്രതിവാര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദക്ഷിണ കൊറിയയില്‍ നിന്നാണ് (20,58,375 പുതിയ കേസുകള്‍; 16 ശതമാനം കുറവ്), ജര്‍മനി (13,71,270 പുതിയ കേസുകള്‍; 13 ശതമാനം കുറവ്), ഫ്രാന്‍സ് (9,59,084 പുതിയ കേസുകള്‍; 13 ശതമാനം വര്‍ധന), വിയറ്റ്‌നാം (7,96,725 പുതിയ കേസുകള്‍; 29 ശതമാനം കുറവ്), ഇറ്റലി (4,86,695 പുതിയ കേസുകള്‍; 3 ശതമാനം ഇടിവ്). ഏപ്രില്‍ മൂന്നു വരെ, ആഗോളതലത്തില്‍ ഇതുവരെ 489 ദശലക്ഷത്തിലധികം കേസുകളും 60 ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.