കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്യാന്‍ സ്ഥലം വിട്ടു നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭയുടെ കൊടുംക്രൂരത. പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഇടമില്ലെന്ന് നഗരസഭ പറഞ്ഞതോടെ കുട്ടിയുടെ മൃതശരീരം ഏറ്റുമാനൂര്‍ പോലീസ് ഇടപെട്ട് കുഴിയെടുത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷം സ്ഥലം നല്‍കിയെങ്കിലും കുഴിയെടുക്കാന്‍ ആളെ നല്‍കിയില്ല. തുടര്‍ന്ന് എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ തന്നെ കുഴിയെടുത്ത് സംസ്‌കാരം നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം മൂന്നു മണിയോടെയാണ് കുഞ്ഞിന്റെ ശരീരം സംസ്‌കരിക്കാനായി പോലീസ് നഗരസഭയെ സമീപിച്ചത്. എന്നാല്‍ കോട്ടയത്ത് കൊണ്ടുപോകാനായിരുന്നു നഗരസഭയുടെ മറുപടി. ഇത് എസ്‌ഐ അംഗീകരിച്ചില്ല. ഇന്നലെയാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തോടെ അതിരമ്പുഴ സ്വദേശിനിയുടെ കുഞ്ഞ് മരിച്ചത്.
എന്നാല്‍ ക്രിമിറ്റോറിയം പണി നടന്നു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് സ്ഥലമില്ലാത്തതു കൊണ്ടാണ് സംസ്‌കരിക്കാന്‍ സ്ഥലം നല്‍കാതിരുന്നതെന്നും ശവ സംസ്‌കാരം നടത്താന്‍ കുഴിയെടുക്കുമ്പോള്‍ മറ്റ് ശവശരീരങ്ങള്‍ പൊങ്ങി വരികയാണെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു.