വീണ്ടും ഹാമര്‍ ത്രോ അപകടം; റവന്യൂ ജില്ലാ കായിക മേളയ്ക്കിടെ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കായിക മേളയ്ക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. ഹാമറിന്റെ കമ്പിപൊട്ടി വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. പ്ലസ്ടു വിദ്യാർത്ഥിയായ ടിടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലാണ് രാമകൃഷ്ണാ മിഷനിലെ പ്ലസ്ടു വിദ്യാർത്ഥിയായ ടി.ടിമുഹമ്മദ് നിഷാൻ മത്സരിച്ചത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ ഹാമർ പൊട്ടി താഴെ വീഴുകയും ഇതിനിടെ മുഹമ്മദ് നിഷാൻ കാലുതെറ്റി വീഴുകയായിരുന്നു. വിരലിന് പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വിരലിന് പൊട്ടലുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ മാസം പാലായില്‍നടന്ന സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 17 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ അഫീല്‍ നവംബര്‍ 21നാണ് മരിച്ചത്. മീറ്റില്‍ വോളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അഫീല്‍.