നയൻതാരയുടെ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പ്രതിഫലം പോലുമില്ല; പാക്കപ്പ് ആയത് പോലും അറിയിച്ചിട്ടില്ല; നടി
ചെന്നൈ:വൻ ബിസിനസ് നടക്കുന്ന സിനിമാ മേഖലയാണ് കോളിവുഡ്. കോടികൾ വാരുന്ന ചിത്രങ്ങൾ തുടരെ വരുന്ന തമിഴകത്ത് വാണവരും വീണവരും ഏറെയാണ്. തമിഴ് ജനത സിനിമാ താരങ്ങൾക്ക് നൽകുന്ന ബഹുമാനത്തെക്കുറിച്ച് നിരവധി മലയാള അഭിനേതാക്കൾ സംസാരിച്ചിട്ടുണ്ട്. മികച്ച പ്രതിഫലം, ഒപ്പം ബഹുമാനം ജനസ്വീകാര്യത തുടങ്ങിയവയാണ് തമിഴ് സിനിമാ രംഗത്തെക്കുറിച്ച് ഏവരും എടുത്ത് പറയുന്ന കാര്യം. അതേസമയം മുൻനിര താരങ്ങൾക്കപ്പുറം ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്നവർക്ക് പലപ്പോഴും ഇവിടെ ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്.
കരിയറിലെ തുടക്കകാലത്ത് താൻ നേരിട്ട പ്രതിസന്ധിക്കളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് നടി ജാനകി ദേവി. മധുരയിലെ സാധാരണ കുടുംബത്തിൽ നിന്നുള്ള ജാനകി ദേവിക്ക് ഇന്ന് തമിഴ് സിനിമാ, സീരിയൽ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. എന്നാൽ തുടക്കകാലം ഇത്ര സുഗമമായിരുന്നില്ലെന്ന് ജാനകി ദേവി പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ആടുകളം എന്ന സിനിമ ചെയ്യുമ്പോൾ 1500 രൂപയാണ് ശമ്പളം വാങ്ങിയത്. നിറയെ ദിവസങ്ങൾ സിനിമയുടെ ഷൂട്ടിംഗിന് ഞാനുണ്ടായിരുന്നു. നായികയുടെ ഡേറ്റിനനുസരിച്ചാണ് എന്റെ ഷൂട്ടും. ഷൂട്ട് കഴിഞ്ഞത് പോലും തന്നെ അറിയിക്കായിരുന്നു. രാവിലെ സെറ്റിൽ പോകും. ഒരു കസേരയിൽ ഇരിക്കും. പാക്കപ്പ് ആയാൽ എനിക്ക് മനസിലാകില്ല. എല്ലാവരും പോകുമ്പോൽ ഷൂട്ട് കഴിഞ്ഞെന്ന് കരുതി ഞാനും പോകും. ഈ അടുത്തകാലത്താണ് പ്രതിഫലം ഉയർന്നത്. സീരിയലിൽ പതിനായിരം രൂപ വാങ്ങി. സിനിമയിൽ ഒരു ദിവസത്തേക്ക് 25000 രൂപ വാങ്ങും.
മുമ്പ് 5000 രൂപ വരെ മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളു. ബസിലാണ് സെറ്റിൽ പോകുക. കാറൊന്നും അയച്ചിട്ടില്ല. ആരെയും കുറ്റപ്പെടുത്തി പറയുകയല്ല, പക്ഷെ ഒരു സഹനടിക്ക് നയൻതാര, തൃഷ പോലുള്ള നായികമാരുടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റിനേക്കാൾ ശമ്പളം കുറവാണ്. ചെന്നെെയിൽ നിന്ന് വന്ന നടിയാണെങ്കിൽ അവർക്ക് എസി റൂം കൊടുക്കും. മധുരയിൽ നിന്ന് വന്ന തനിക്കുൾപ്പെടെ എസിയില്ലാത്ത റൂമായിരുന്നു ലഭിച്ചതെന്നും ജാനകി ദേവി വ്യക്തമാക്കി.
സീരിയലിലും സിനിമകളിലും അഭിനയിക്കുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും ജാനകി ദേവി സംസാരിച്ചു. സീരിയൽ ഓഫീസ് ജോലി പോലെയാണ്. മണിക്കൂറുകളോളം തുടരെ നിൽക്കേണ്ടി വരും. സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ സീരിയൽ ബുദ്ധിമുട്ടാണ്. ഇപ്പോഴാണ് കോസ്റ്റ്യൂമുകൾക്ക് കൊളാബറേഷനുകൾ ഉള്ളത്. മുമ്പ് അങ്ങനെയില്ല. ജയ ടിവിയിൽ അക്കാലത്ത് ഒരു സീരിയൽ ചെയ്തിരുന്നു.
സാരിയാണ് കോസ്റ്റ്യൂം. അന്ന് എനിക്ക് പ്രതിദിനം 4500 രൂപയാണ് ശമ്പളം. ഒരു ദിവസം നാല് തവണ കോസ്റ്റ്യൂം മാറണം. ശമ്പളത്തിന്റെ പകുതിയും കോസ്റ്റ്യൂമുകൾക്കായി പോകും. മറ്റൊന്ന് മേക്കപ്പാണ്. ഇതിന്റെ ബാക്കിയാണ് കുടുംബത്തിലെ ചെലവുകൾക്ക് ഉണ്ടാകാറുണ്ടായിരുന്നുള്ളൂയെന്നും ജാനകി ദേവി വ്യക്തമാക്കി. മുത്തുക്കു മുത്തഗ എന്ന സിനിമയിലാണ് ജാനകി ദേവി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ജാനകി ദേവി മുഖം കാണിച്ചു. സീരിയലുകളിൽ ജാനകി ദേവിയിപ്പോൾ സജീവമാണ്.