തിരുവനന്തപുരം: പാളയം എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസില്‍ കേസിൽ 17 ന് (വ്യാഴാഴ്ച) കേസ് ഡയറി ഫയൽ ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണുത്തരവ്. കേസിൽ ഒന്നാം പ്രതി ജിതിന് ഡിയോ സ്‌കൂട്ടർ എത്തിച്ചു നൽകിയെന്നാരോപിച്ച് ക്രൈം ബ്രാഞ്ചു സമർപ്പിച്ച അഡീ. റിപ്പോർട്ടിലെ നാലാം പ്രതി പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിലാണ് ജഡ്ജി പ്രസുൻ മോഹൻ ഉത്തരവിട്ടത്.
നിരപരാധിയെന്നും കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ജാമ്യ ഹർജിയിൽ നവ്യ ബോധിപ്പിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് സർക്കാർ ബോധിപ്പിച്ചു. പ്രതിക്ക് ജാമ്യം നൽകരുതെന്നും അഡീ.പ്രോസിക്യൂട്ടർ ഹരീഷ് കുമാർ ബോധിപ്പിച്ചു.
കേസിൽ ആദ്യം അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂട്ടു പ്രതികളായി 2 മുതൽ 4 വരെ പ്രതി ചേർത്ത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ മുമ്പാകെ ക്രൈംബ്രാഞ്ച് അഡീ. റിപ്പോർട്ട് സമർപ്പിക്കുകയായിന്നു. ജിതിനൊപ്പം കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, , സുബീഷ്, പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാവ് ടി. നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. റിമാന്റിൽ കഴിഞ്ഞ ജിതിന് ഹൈക്കോടതി ഒക്ടോബർ 21 ന് ജാമ്യം അനുവദിച്ചു.
നവ്യ സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാൻ സ്‌കൂട്ടർ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിൻ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറിൽ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്
ജിതിന്റെ ജാമ്യ ഹർജി സെപ്റ്റംബർ 29 ന് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ആരോപണം ഗൗരവമേറിയതെന്ന് കോടതി വ്യക്തമാക്കി. സെഷൻസ് കോടതി വിചാരണ ചെയ്യേണ്ട കേസാണ്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
കൃത്യ സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളുടെ ലാബ് പരിശോധനയിൽ ഗൺ പൗഡർ , സൾഫർ , പൊട്ടാസ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന പ്രഥമദൃഷ്ട്യാ വസ്തുതകൾ കേസ് റെക്കോർഡിൽ ഉള്ളതായും കോടതി നിരീക്ഷിച്ചു.