പേരിൽ മാറ്റം വരുത്തി സുരഭി ലക്ഷ്മി; മാറ്റത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് താരം
കൊച്ചി:ഏറെ ആരാധകരുള്ള നടിയാണ് സുരഭി ലക്ഷ്മി. തനിക്ക് ലഭിക്കുന്ന വേഷം ഏതായാലും ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള സുരഭിയുടെ കഴിവ് തന്നെയാണ് മികച്ച കഥാപാത്രങ്ങൾ സുരഭിയെ തേടിയെത്താനുള്ള കാരണവും. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അടുത്തിടെ സുരഭി തന്റെ പേരിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. പേരിൽ വരുത്തിയ മാറ്റം പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ലെങ്കിലും മാറ്റം ശ്രദ്ധിച്ചവർ ഉണ്ടാവും.
ഇംഗ്ലീഷിൽ ഒരു കെ അധികം ചേർത്താണ് സുരഭി ലക്ഷ്മി പേരിൽ മാറ്റം വരുത്തിയത്. Surabhi Lakshmi എന്ന സ്പെല്ലിംഗിന് പകരം Surabhi Lakkshmi എന്നാണ് മാറ്റിയിരിക്കുന്നത്. എന്തുകൊണ്ടാണ് പേരിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്ന് പറയുകയാണ് സുരഭി.
പേരിനൊരു കനം വരുത്താനാണ് ഈ മാറ്റം എന്നാണ് സുരഭി പറയുന്നത്. എന്റെ സുഹൃത്ത് മധു ശങ്കർ ഒരിക്കൽ എന്നോട് പറഞ്ഞു, സുരഭിയുടെ പേരിന് ഒരു പവർ കുറവുണ്ട്. സംഖ്യാശാസ്ത്രം നോക്കി അത് ശരിയാക്കാം എന്ന്. ഈ പേരും വച്ചാണല്ലോ ഞാൻ നാഷണൽ അവാർഡ് ഒക്കെ വാങ്ങിയത് എന്ന് പറഞ്ഞപ്പോൾ അവൻ പറഞ്ഞു ഇനി പേര് മാറ്റിയിട്ട് വല്ല ഓസ്കാർ അവാർഡും കിട്ടിയാലോ എന്ന്,
അപ്പോൾ തനിക്കും രസം തോന്നിയെന്നും സുരഭി പറഞ്ഞു. ഇത്രയും കാലം തന്റെ കൂടെയുണ്ടായിരുന്ന പേര് മാറ്റാൻ താല്പര്യം ഉണ്ടായിരുന്നില്ലെന്നും രാംദാസ് മേനോൻ എന്ന് സംഖ്യാശാസ്ത്ര വിദഗ്ധൻ പറഞ്ഞ് പ്രകാരം K മാത്രം കൂടുതലായി ചേർക്കാൻ തീരുമാനിച്ചെന്നും സുരഭി പറഞ്ഞു.
സിനിമ രംഗത്തെ പലതാരങ്ങളും ഇത്തരത്തിൽ പേരിൽ മാറ്റം വരുത്താറുണ്ട്. അടുത്തിടെ ലെന, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവർ പേരിൽ മാറ്റം വരുത്തിയിരുന്നു. ലെന A എന്ന അക്ഷരം കൂട്ടിയാണ് പേര് മാറ്റിയത്. LENAA എന്നാണ് ഇപ്പോഴത്തെ സ്പെല്ലിംഗ്. സുരേഷ് ഗോപി പേരിൽ ഒരു S ആണ് ചേർത്തത്. Suresh Gopi എന്നതിന് പകരം Suressh Gopi എന്ന മാറ്റമാണ് വരുത്തിയത്. ദിലീപ് പേരിൽ i എന്ന അക്ഷരമാണ് ചേർത്തത്. ‘Dileep’ എന്ന് എഴുതുന്നതിന് പകരം ഒരു ഐ അധികം ചേർക്ക് ‘Dilieep’ എന്നാണ് താരം പേരിൽ വരുത്തിയ മാറ്റം.