എന്താണ് കേന്ദ്രത്തിന് കേരളത്തോട് ഇത്ര വലിയ പക;നാം ഇന്ത്യക്ക് പുറത്താണോ? ആഞ്ഞടിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018-ലെ അതിജീവന മാതൃകയാണ് കേരളത്തിന് മുന്നിലുള്ളത്. കൃത്യമായ കണക്ക് നല്‍കിയിട്ടും കേന്ദ്രം എന്തിനാണ് കേരളത്തോട് ഇത്രയും പക കാട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി. സി.പി.എം പത്തനംതിട്ട സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായമുണ്ട്. അതൊന്നും സംസ്ഥാനങ്ങള്‍ കണക്ക് കൊടുത്തിട്ടല്ല. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്താണ് കേരളത്തിനുള്ള കുറവ്. എന്താണ് കേരളത്തിനോട് ഇത്ര വലിയ പക. നാം ഇന്ത്യക്ക് പുറത്താണോ?’

കേരളത്തിലെ എല്ലാം എം.പിമാരും ഒന്നിച്ച് കേരളത്തിന്റെ ആവശ്യങ്ങളുയര്‍ത്തി. പച്ച നുണയാണ് ആ എം.പിമാരോട് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് കേരളം കൃത്യമായി നടത്തിയില്ലെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. ശുദ്ധ നുണയാണിത്. നമ്മളീ രാജ്യത്തിന്റെ ഭാഗമായ സംസ്ഥാനമല്ലേ. നമ്മളാരോടും യാചിക്കുകയല്ലല്ലോ, നമുക്ക് അര്‍ഹതപ്പെട്ടത് ചോദിക്കുകയല്ലേ’ മുഖ്യമന്ത്രി ചോദിച്ചു.

https://www.facebook.com/share/v/Uz5Qr8Quj41bszy2/

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. മന്ത്രിസഭാ സമിതി ദുരന്തം അതി തീവ്രമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ നിരന്തരമായുള്ള ആവശ്യത്തിനാണ് കേന്ദ്രം ഒടുവില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി (ലെവല്‍ മൂന്ന് കാറ്റഗറി) കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും കേരളത്തിന് പ്രത്യേക ധനസഹായത്തില്‍ പ്രഖ്യാപനം ഇപ്പോഴും ഇല്ലെന്നാണ് വിവരം. ദുരന്ത നിവാരണ നിധിയിലേക്ക് ഇതിനകം പണം കൈമാറിയിട്ടുണ്ടെന്നും കത്തില്‍ കേന്ദ്രം പറയുന്നു. അതിതീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ അറിയിപ്പ് സംബന്ധിച്ച കത്ത് കേരളത്തിന് ലഭിച്ചു. എങ്കിലും, പ്രത്യേക ധനസഹായ പാക്കേജിനെക്കുറിച്ച് കത്തില്‍ വിവരമില്ല.

സംസ്ഥാന സര്‍ക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ദുരന്തത്തില്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍, കന്നുകാലികള്‍, വിളകള്‍, സ്വത്ത്, തകര്‍ന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോള്‍ അതിതീവ്രഗണത്തില്‍ ഉള്‍പ്പെടുത്താമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നത്.

ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് മുതല്‍ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം. മന്ത്രിസഭാ സമിതി ഈ വിലയിരുത്തല്‍ തന്നെയാണ് നടത്തിയതെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന റവന്യൂ സെക്രട്ടറിക്കാണ് കത്തയച്ചത്. പാര്‍ലമെന്റില്‍ എംപിമാര്‍ക്ക് നല്‍കിയ മറുപടിയിലും കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി പ്രത്യേക ധനസഹായം അനുവദിക്കണമെന്നും സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ട് വരികയാണ്. എന്നാല്‍ കത്തില്‍ പ്രത്യേക ധനസഹായത്തില്‍ ഇപ്പോഴും പ്രഖ്യാപനമില്ല. ദുരന്തത്തെ നേരിടാന്‍ ഇതിനോടകം തന്നെ എസ്ഡിആര്‍എഫിലേക്ക് മതിയായ പണം കൈമാറിയിട്ടുണ്ട്. പണം ചെലവഴിക്കേണ്ടത് സംസ്ഥാന ദുരന്തനിവാരണനിധിയില്‍ നിന്നാണെന്നും കത്തില്‍ പറയുന്നു. ഇനി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ കത്തില്‍ ഒരു വ്യക്തതയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News