‘ഞാന്‍ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ ആ മെലിഞ്ഞ ചെറുപ്പക്കാരന്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച് തൊഴുതു നിന്നു’; ദിലീപിനെ കുറിച്ച് നാദിര്‍ഷ
ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ സിനിമ ഡിസംബര്‍ 31ന് റിലീസ് ചെയ്യുകയാണ്. അടുത്ത സുഹൃത്തുക്കള്‍ ആണെങ്കിലും നാദിര്‍ഷയുടെ സംവിധാനത്തില്‍ ആദ്യമായാണ് ദിലീപ് ചിത്രം ഒരുങ്ങുന്നത്. ദിലീപിനെ ആദ്യമായി കണ്ടുമുട്ടയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നാദിര്‍ഷ ഇപ്പോള്‍.
ബിഹൈന്‍വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനോടാണ് നാദിര്‍ഷ സംസാരിച്ചത്. താന്‍ ദിലീപിനെ പരിചയപ്പെടുന്ന കാലത്ത് കൊച്ചിന്‍ ഓസ്‌കാര്‍ എന്ന ട്രൂപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അന്ന് ദിലീപിന് ഒരു ട്രൂപ്പിലും കയറി പറ്റാന്‍ സാധിച്ചിരുന്നില്ല.
ഒരിക്കല്‍ താന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാനായി എറണാകുളത്തുള്ള ഒരു ബസ്റ്റോപ്പിലെ ബൂത്തില്‍ നില്‍ക്കുകയായിരുന്നു. അതിനിടെ വെറുതെ ചുറ്റും പാളി നോക്കിയപ്പോള്‍ മുണ്ടുടുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍ തന്നെ നോക്കി നില്‍ക്കുന്നു. താന്‍ ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോള്‍ അവന്‍ ഉടനെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ടിട്ട് തൊഴുത് കാണിച്ചു.
പേര് ഗോപാലകൃഷ്ണനെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ താന്‍ മിമിക്രി ചെയ്യുമെന്നും കൊച്ചിന്‍ ഓസ്‌കാറില്‍ അവസരം വാങ്ങി തരണമെന്നും പറഞ്ഞു. അന്ന് ആവശ്യത്തിന് ആളുകള്‍ ട്രൂപ്പില്‍ ഉണ്ടായിരുന്നതിനാല്‍ ചാന്‍സ് കിട്ടില്ലെന്ന് ദിലീപിനോട് പറഞ്ഞു.
മിമിക്രിയിലെ ഗുരുവിന്റെ ക്ഷണ പ്രകാരം ഒരു കലോത്സവത്തില്‍ തനിക്ക് വിധികര്‍ത്താവായി ഇരിക്കേണ്ടി വന്നു. അദ്ദേഹത്തിന് മിമിക്രിയില്‍ ഫസ്റ്റ് വാങ്ങാനാണ് സ്വാധീനത്തിലൂടെ തന്നെ ജഡ്ജായി കൊണ്ടു പോയത്. താന്‍ ജഡ്ജിങ്ങിന് ഇരുന്നപ്പോള്‍ കുറച്ച് ദിവസം മുമ്പ് കണ്ട ചെറുപ്പക്കാരന്‍ മിമിക്രി അവതരിപ്പിക്കുന്നത് കണ്ടു.
നിരവധി സിനിമാ താരങ്ങളെ മനോഹരമായി ചെയ്തു ദിലീപ്. അവന്റെ പ്രകടനം കണ്ട് ഗുരുവിനെ മറന്ന് താന്‍ ദിലീപിന് ഫസ്റ്റ് കൊടുത്തു. അന്ന് ദിലീപിനെ കണ്ട് കൊച്ചിന്‍ ഓസ്‌കാറിലേക്ക് വരാന്‍ പറഞ്ഞു. അന്ന് അവിടെ മുതല്‍ തുടങ്ങിയതാണ് ദിലീപുമായുള്ള സൗഹൃദം എന്നാണ് നാദിര്‍ഷ പറയുന്നത്.