25.7 C
Kottayam
Friday, May 10, 2024

ഇഡി ചോദ്യം ചെയ്യലിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ, അച്ചടക്ക നടപടി

Must read

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റും സിപിഐ നേതാവുമായ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ 2:50 ഓടെ ആയിരുന്നു സംഭവം.

ഇന്നലെ പുലർച്ചെ തുടങ്ങിയ റെയ്ഡും ചോദ്യം ചെയ്യലും 20 മണിക്കൂർ പിന്നിട്ടതോടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ ആശുപത്രിയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കുഴപ്പമില്ല എന്നാണ് പുറത്തു വരുന്ന വിവരം.

സിപിഐ നേതാവും മുൻ ബാങ്ക് പ്രസിഡന്റും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും ആണ് ഭാസുരാംഗൻ. ഇന്നലെ രാവിലെ ആറു മണിയോടെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത്.

ഭാസുരാംഗന്റെ മകന്റെ വീട്ടിലും ബാങ്കിലെ മുന്‍ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രന്‍, മോഹന ചന്ദ്രന്‍ എന്നിവരുടെ വീട്ടിലും കളക്ഷന്‍ ഏജന്റ് അനിയുടെ വീട്ടിലും ഇ.ഡി പരിശോധന നടന്നിരുന്നു. 30 വർഷത്തോളം ഭാസുരാഗൻ കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലയളവിൽ കോടിക്കകണക്കിന് രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഭരണ സമിതിക്കെതിരെ ഉയർന്നത് 101 കോടിയോളം രൂപയുടെ തട്ടിപ്പ് ആരോപണമാണ്.

ജാമ്യവസ്തുവിന്റെ മൂല്യനിർണയം നടത്താതെയും വില കൂട്ടിക്കാണിച്ചും അനധികൃത വായ്പ അനുവദിച്ച് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നാണു സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അനധികൃത നിയമനം, സ്ഥാനക്കയറ്റം, ആനുകൂല്യ വർധന എന്നിവ വഴിയും കോടികളുടെ നഷ്ടമുണ്ടാക്കി. വിവിധ പേരുകളിൽ നിയമവിരുദ്ധ നിക്ഷേപ ഇരട്ടിക്കൽ പദ്ധതി പ്രഖ്യാപിച്ചു പണം സ്വീകരിച്ചെന്നും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week