
മൂന്നാർ: മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സി.പി.എം. രാജേന്ദ്രൻ ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എ.രാജായ്ക്കെതിരേ രാജേന്ദ്രൻ പ്രവർത്തിച്ചെന്ന് ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരുവർഷത്തേക്ക് സസ്പെൻഡുചെയ്തത്.
സസ്പെൻഷൻ കാലാവധിക്കുശേഷം അംഗത്വം പുതുക്കുന്നതിനായി നേതാക്കൾ രാജേന്ദ്രന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ രാജേന്ദ്രനോട് അഭ്യർഥിച്ചിരുന്നു. ഇതനുസരിച്ച് അദ്ദേഹം കൺവെൻഷനിൽ പങ്കെടുത്തു. തുടർന്നും പ്രചാരണപരിപാടികളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു.
പിന്നീട് ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങളിൽ വാർത്ത വന്നു. സമീപകാലത്തായി രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിവരുകയാണ്. രാജേന്ദ്രനെ അനുകൂലിക്കുന്നവരെ പാർട്ടി അടിച്ചൊതുക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണ്.
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെയാണ് ഇത്തരത്തിൽ വളച്ചൊടിച്ചത്. ഇരുകൂട്ടർക്കുമെതിരേ പോലീസ് കേസുണ്ട്. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഏരിയാ സെക്രട്ടറി കെ.കെ.വിജയൻ, എം.ലക്ഷ്മണൻ, ആർ.ഈശ്വരൻ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.