33.9 C
Kottayam
Sunday, April 28, 2024

6 രാജ്യങ്ങൾ കറങ്ങാം,ഒറ്റ വീസയിൽ; ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം

Must read

മസ്‌കറ്റ്‌: ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നല്‍കി. മസ്‌കത്തില്‍ ചേര്‍ന്ന ജി സി സി  ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജി സി സി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും യോഗത്തില്‍ തുടക്കം കുറിച്ചു.

യോഗത്തില്‍ ഒമാന്‍ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ്, യുഎഇ ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍  ഷെയ്ഖ് സായിഫ് സായിദ് അല്‍ നഹ്‌യാന്‍, സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് സഊദ് അല്‍ സഊദ്, ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍  ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ഖത്തർ ആഭ്യന്തര മന്ത്രി  ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ പങ്കെടുത്തു. മസ്‌കത്തിലെത്തിയ ആഭ്യന്തര മന്ത്രിമാര്‍ക്ക് സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്.

ഗൾഫ് മേഖലയിൽ അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ. യൂറോപ്യൻ രാജ്യങ്ങളിൽ ഒറ്റ വീസയിൽ യാത്ര ചെയ്യാൻ ഏറെ സൗകര്യപ്രദമായി ഒരുക്കിയിരിക്കുന്നതാണ് ഷെങ്കൻ വീസ.

അതിന്റെ മാതൃകയിലേക്ക് ഗൾഫ് രാജ്യങ്ങളും മാറുകയാണ്. ദുബായ്–ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കായുള്ള (ജിസിസി) ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 2024 ൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ കഴിയുമെന്നും യുഎഇ നേരത്തെ വ്യക്തമാക്കിയിരുന്നു. വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നവംബറിൽ ചർച്ച ചെയ്യുമെന്നും യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തിരുന്നു.

ഒറ്റ വീസയിൽ 6 ജിസിസി (യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ ഒമാൻ) രാജ്യങ്ങളും സന്ദർശിക്കാവുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ടു വർഷത്തിനകം യാഥാർഥ്യമാകും.  2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ലക്ഷ്യം. വീസ കാലാവധിക്കകം ഓരോ രാജ്യത്തും നിശ്ചിത ദിവസം താമസിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അയൽ രാജ്യത്തേക്കു പോകാം. ഇതിനായി പ്രത്യേക നടപടിക്രമങ്ങൾ വേണ്ട എന്നതും സഞ്ചാരികൾക്ക് ഗുണകരമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week