കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ വീണ്ടും തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഡിസംബര്‍ ഏഴിന് ഓഫീസ് സമയം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശമെത്തിയത്.
10 മുതല്‍ 17 വര്‍ഷം വരെ സര്‍വീസുള്ളവരാണു പിരിച്ചുവിടപ്പെട്ടവരില്‍ ഏറെയും. ശാഖകള്‍ ലാഭകരമല്ലാത്തതിനാല്‍ പൂട്ടുകയാണെന്നും അതിനാലാണു പിരിച്ചുവിടുന്നതെന്നുമാണു കമ്പനി പറയുന്നത്. വിഷയം പരിഹരിക്കാന്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ രണ്ടു തവണ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും മാനേജ്‌മെന്റ് പങ്കെടുത്തിരുന്നില്ല.