2.5 ലക്ഷം ട്വിറ്റർ അക്കൗണ്ടുകൾ നീക്കാൻ നിർദേശിച്ചത് US ഭരണകൂടം; വെളിപ്പെടുത്തലുമായി മസ്‌ക്
വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകരും കനേഡിയന്‍ ഉദ്യോഗസ്ഥരും അടക്കം 2.5 ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ യുഎസ് ഭരണകൂടം ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. മാധ്യമപ്രവര്‍ത്തകനായ മാറ്റ് തായ്ബിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ട്വിറ്ററും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
റഷ്യന്‍ ബന്ധമുള്ള അക്കൗണ്ടുകളും ചൈനീസ് ബന്ധമുള്ള അക്കൗണ്ടുകള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് യുഎസ് ഏജന്‍സികള്‍. അത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന് യുഎസ് ട്വിറ്ററിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2.5 ലക്ഷം അക്കൗണ്ടുകളാണ് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍, കോവിഡ് ഉറവിടത്തെ ചോദ്യം ചെയ്യുന്ന അക്കൗണ്ടുകള്‍, രണ്ടോ അതിലധികമോ ചൈനീസ് നയതന്ത്ര അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.