26.8 C
Kottayam
Monday, April 29, 2024

കൂടിയ പിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം, ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴ; ജില്ലകള്‍ തോറും മൊബൈല്‍ കോടതി

Must read

തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള ഉയര്‍ന്നപിഴയില്‍ ഇളവ് ഒറ്റത്തവണ മാത്രം നല്‍കിയാല്‍ മതിയെന്ന് മോട്ടര്‍ വാഹന വകുപ്പ്. തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കണം. പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്നും വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം കര്‍ക്കശമാക്കിയത് സംസ്ഥാനം ഒഴിവക്കിയ സാഹചര്യത്തില്‍ പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടോര്‍വാഹനവകുപ്പ് തയാറാക്കിത്തുടങ്ങി. പിടിക്കപ്പെടുന്നതില്‍ പകുതിപ്പേരും പിഴ അടയ്ക്കാത്ത സാഹചര്യം ബോദ്ധ്യപ്പെടുന്ന സാഹചര്യത്തില്‍ പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെടും.

ഇതുവരെ ഒരേകുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു പിഴ. അതാണ് ഇനി മാറുന്നത്. അതായത് ഹെല്‍മറ്റില്ലാതെ പിടിച്ചാല്‍ ആദ്യ തവണ പിഴ അഞ്ഞൂറ് മാത്രമായിരിക്കുമെങ്കിലും വീണ്ടും പിടിച്ചാല്‍ അത് ആയിരമായി മാറും. കുറഞ്ഞ പിഴ ആദ്യ തവണ മാത്രമായിരിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ അടയ്ക്കേണ്ടി വരും. ഉയര്‍ന്നപിഴ ഈടാക്കിയ അഞ്ചുദിവസം സംസ്ഥാനത്ത് 1758 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും പകുതിപ്പേരെ പണം അടച്ചുള്ളു. കോടതിയില്‍ പോയാല്‍ ഉണ്ടാകാവുന്ന കാല ദൈര്‍ഘ്യം പരിഗണിച്ചാണ് ജില്ലകള്‍ തോറും മൊബൈല്‍ കോടതി വേണമെന്ന ആവശ്യം മോട്ടോര്‍ വാഹന വകുപ്പ് ഉയര്‍ത്തിയിരിക്കുന്നത്. പിടിക്കപ്പെട്ട കൂടുതല്‍ പേരും കോടതിയില്‍ അടച്ചോളാമെന്ന് പറഞ്ഞായിരുന്നു തടിയൂരിയത്.

മൊബൈല്‍ കോടതി സ്ഥാപിച്ചാല്‍ വേഗം കേസുകള്‍ തീര്‍ക്കാമെന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് എല്ലാ ജില്ലകളിലും മൊബൈല്‍ കോടതി പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എല്ലാ ജില്ലകളിലും ഉണ്ടായിരുന്ന ഈ സൗകര്യം മുന്ന് വര്‍ഷം മുമ്പാണ് നിര്‍ത്തിയത്. മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്ന് പറയുന്ന അഞ്ച് വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയാണിത്. മറ്റുള്ളവയില്‍നിശ്ചിത തുക തന്നെ ഈടാക്കണമെന്നാണ് ഭേദഗതിയില്‍ നിഷ്‌കര്‍ഷിക്കുന്നത്. തിങ്കളാഴ്ച നിയമോപദേശം കൂടി തേടിയ ശേഷമായിരിക്കും അന്തിമതീരുമാനമെടുക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week