25.8 C
Kottayam
Wednesday, April 24, 2024

വരാപ്പുഴ പഞ്ചായത്ത് അടച്ചു ,എറണാകുളത്ത് 98 വാര്‍ഡുകളിൽ കൂടി ലോക്ക് ഡൗൺ

Must read

കൊച്ചി:കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 98 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. മുഴുവന്‍ വാര്‍ഡുകളും കണ്ടെയന്‍മെന്റ് സോണുകളായ വരാപ്പുഴ പഞ്ചായത്ത് പൂര്‍ണ്ണമായി അടച്ചിടും.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച വൈകിട്ട ആറു മുതല്‍ ഈ വാര്‍ഡുകളില്‍ നിലവില്‍ വരും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുറത്തു നിന്ന് ജോലിക്കെത്തുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജോലി ചെയ്യുന്നുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. വ്യവസായ സ്ഥാപനങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

സിഎഫ്എല്‍ടിസിയായി പ്രവര്‍ത്തിക്കുന്നതിന് സ്ഥാപനങ്ങള്‍ വിട്ടു നല്‍കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പ്ലസ് ടു പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പോലീസിന്റെ പരിശോധന കര്‍ശനമാക്കും.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നതിന് ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഇതിനെതിരേയും കര്‍ശന നടപടിയുണ്ടാകും. അതിഥി തൊഴിലാളികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനായി വിവിധ ഭാഷകള്‍ സംസാരിക്കുന്ന സംഘത്തെ ഉള്‍പ്പെടുത്തി ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കും.

കൊച്ചി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത പ്രസിഡന്റ് ഉല്ലാസ് തോമസ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. നാഗരാജു, ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, ഡിഎംഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. എസ്. ശ്രീദേവി തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week