ശംഖുമുഖത്ത് യുവതിയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം
തിരുവനന്തപുരം: ശംഖുമുഖം ബീച്ചില്‍ രാത്രി സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിക്കു നേരെ സദാചാര ഗുണ്ടാ ആക്രമണമുണ്ടായെന്നു പരാതി. ശ്രീലക്ഷ്മി എന്ന യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണു യുവതിയും രണ്ടു സുഹൃത്തുക്കളും ബീച്ചിലെത്തിയത്. പതിനൊന്നരയായപ്പോള്‍ ഒരു സംഘം തന്നെ ആക്രമിക്കുകയും തടയാന്‍ ശ്രമിച്ച സുഹൃത്തിനെ മര്‍ദിക്കുകയും ചെയ്‌തെന്നാണു ശ്രീലക്ഷ്മിയുടെ ആരോപണം.
പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസും മോശമായി പെരുമാറിയെന്നു യുവതി ആരോപിച്ചു. രാത്രി എന്തിനാണു ബീച്ചില്‍ പോയതെന്നാണു പോലീസ് ചോദിച്ചതെന്നും യുവതി കുറ്റപ്പെടുത്തി. വലിയതുറ പോലീസിലാണു യുവതിയും സുഹൃത്തുക്കളും പരാതി നല്‍കിയത്. പിന്നീട് എസ്‌ഐ സംഭവസ്ഥലത്തു പോയി അന്വേഷണം നടത്തിയെന്നും ഇവര്‍ വ്യക്തമാക്കി. ഗുണ്ടാസംഘം ആക്രമിക്കുന്ന ദൃശ്യങ്ങളും യുവതി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.