ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി പറഞ്ഞ് മോഹൻലാൽ
കൊച്ചി:ദൃശ്യം സിനിമയ്ക്ക് ലഭിച്ച പ്രതികരണത്തെക്കാൾ കൂടുതലായിരുന്നു ദൃശ്യം 2 ന് ലഭിച്ച പ്രതികരണങ്ങൾ. ചിത്രത്തിൻറെ ഷൂട്ടിങ് ദിനങ്ങളിലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എന്നും സാന്നിധ്യമറിയിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം 2ന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണത്തിന് പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് മോഹൻലാൽ. ദൃശ്യം 2ന് നൽകുന്ന സ്നേഹവും പിന്തുണയും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് മോഹൻലാൽ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ സന്തോഷം താരം പങ്കുവെച്ചത്.
നിങ്ങളെപ്പോഴും എനിക്ക് നൽകി വരുന്ന സ്നേഹവും പിന്തുണയും എനിക്ക് ഏറെ വിലപ്പെട്ടതാണ്.എന്റെ ദൃശ്യം 2 സിനിമയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടും സ്നേഹവും എന്നെ ഒരുപാടു സന്തോഷിപ്പിക്കുന്നു. ജോർജുകുട്ടിയുടെ രഹസ്യങ്ങൾ രഹസ്യങ്ങളായി സൂക്ഷിക്കുന്നതിന് നന്ദി. ഞങ്ങൾ സംരക്ഷിക്കുന്ന ഈ രഹസ്യങ്ങൾ എന്താണെന്ന് അറിയണമെങ്കിൽ കാണൂ ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോ ഇന്ത്യയിൽ.
വ്യാഴാഴ്ച രാത്രിയോട് കൂടെയായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് ദൃശ്യം 2 ഒരുങ്ങിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
ഇവര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത് . സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ എത്തുമ്പോള്‍ ആ നിരപരാധിത്വത്തില്‍ എല്ലാവര്‍ക്കും സംശയം ഉണ്ടെന്നും ജീത്തു ജോസഫ് മുൻപ് തന്നെ പറഞ്ഞിരുന്നു.