ആലുവ: ഗാർഹികപീഡന പരാതി നൽകിയ എൽഎൽ.ബി. വിദ്യാർഥിനിയെ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തി. സി.ഐ സുധീറിനെതിരായ അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം.ആരോപണ വിധേയനായ സിഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എംഎൽഎ അൻവർ സാദത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് മാറ്റി സിഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും തുടരുന്നത്. സ്റ്റേഷൻ ചുമതലകളിൽ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മൊഫിയയുടെ മരണത്തിൽ ഭർത്താവ് സുഹൈലിനേയും മാതാപിതാക്കളേയും ഇന്ന് പുലർച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ആലുവ ഈസ്റ്റ് സ്റ്റേഷനിലാണ് നിലവിൽ പ്രതികളുള്ളത്. ഇവിടെ തന്നെയാണ് സി.ഐ സുധീറും ഉള്ളത്.ഇതിനിടെ ഡിവൈഎസ്പി അടക്കമുള്ള ഉദ്യോഗസ്ഥരും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. സി.ഐ അടക്കം നാല് പ്രതികൾ ഇപ്പോൾ സ്റ്റേഷനിലുണ്ടെന്ന് അൻവർ സാദത്ത് എംഎൽഎ ആരോപിച്ചു.