മലപ്പുറം: ഓഫീസിൽ വേഗമെത്താൻ ആംബുലന്‍സ് വിളിച്ച് യുവതികള്‍. കോഴിക്കോട് പയ്യോളിയില്‍നിന്നു തൃപ്പൂണിത്തുറയിലേക്ക് പുറപ്പെട്ട ആംബുലന്‍സ് തേഞ്ഞിപ്പലത്തുനിന്നു പോലീസ് പിടികൂടി. ഓഫീസില്‍ അതിവേഗം എത്തുന്നതിനായാണ് ആംബുലന്‍സ് വിളിച്ചത്.
ട്രെയിന്‍ നഷ്ടപ്പെട്ട രണ്ട് സ്ത്രീകളാണ് തൃപ്പൂണിത്തുറയില്‍ അതിവേഗം എത്തുന്നതിനായി പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ആംബുലന്‍സില്‍ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിച്ചത്.
ആംബുലന്‍സ് ഡ്രൈവര്‍മാരാണ് വിവരം പോലീസിനെ അറിയിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കിടെ മലപ്പുറം തേഞ്ഞിപ്പലത്തുവെച്ച് പോലീസ് ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തുകയും പിടികൂടുകയുമായിരുന്നു. അതിവേഗം ഓഫീസില്‍ എത്തേണ്ടതിനാലാണ് ആംബുലന്‍സ് വിളിച്ചതെന്നാണ് യുവതികള്‍ പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 8.30നാണ് സംഭവം. തൃപ്പൂണിത്തറയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരായ സ്ത്രീകൾക്ക് ട്രെയിന്‍ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് തുറയൂര്‍ പെയിന്‍ ആൻ്റ് പാലിയേറ്റീവ് പാലച്ചുവടിന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് വിളിച്ചു വാടക തരാമെന്ന് പറഞ്ഞ് തൃപ്പൂണിത്തുറയിലേക്ക് പുറപ്പെടുകയായിരുന്നു.
അത്തോളിയിലെ മറ്റ് വാഹന ഉടമകളും നാട്ടുകാരും സോഷ്യല്‍ മീഡിയ മുഖേന അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. തേഞ്ഞിപ്പലം പോലീസ് കാക്കഞ്ചേരിയില്‍നിന്ന് ആംബുലന്‍സ് പിടികൂടി. തുടർന്ന് യാത്രക്കാരെ വിട്ടയച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.