കൊച്ചി: മിസ് കേരള വിജയികളുടെ അപകടമരണത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാന്റെ മൊഴി രേഖപ്പെടുത്തി. ഓഡി കാർ ചെയ്‌സ് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ മൊഴി നൽകി. മത്സരയോട്ടം നടന്നോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. തിങ്കളാഴ്ച അബ്ദുൾ റഹ്മാനെ കസ്റ്റഡിയിൽ ലഭിക്കും.
അതേസമയം, പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്ട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.
നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.