വിമാനയാത്രയ്ക്കിടെ സഹയാത്രക്കാരന് ദേഹാസ്വാസ്ഥ്യം; ചികിത്സിച്ച് കേന്ദ്രമന്ത്രി, പ്രധാനമന്ത്രിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ സഹയാത്രക്കാരന് വൈദ്യസഹായം നല്‍കി കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കിഷന്റാവു കരാഡ്. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ഉള്ള ഇന്‍ഡിഗോ 6ഇ 171 വിമാനത്തിലാണ് ഭഗവത് കിഷന്റാവു കരാഡ് യാത്ര ചെയ്തത്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരു യാത്രക്കാരന് ശാരീരിക അസ്വസ്ഥതയും, തലകറക്കവും ഉണ്ടായത്.
ഇന്നലെ രാത്രിയാണ് സംഭവം. യാത്രയ്ക്കിടെ അടുത്തിരുന്ന യാത്രക്കാരന്‍ വിയര്‍ക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെയ്യുന്നത് കരാഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ സീറ്റിലേക്ക് വീഴുന്നതു കണ്ട മന്ത്രി അദ്ദേഹത്തിന്റെ സമീപമെത്തി പരിശോധിച്ചു. അയാള്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നെന്നും രക്തസമ്മര്‍ദം കുറഞ്ഞിരുന്നെന്നും ഡോ. കരാഡ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യാത്രക്കാരന്‍ സാധാരണ നിലയിലേക്ക് തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച കേന്ദ്രമന്ത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഹൃദയം കൊണ്ട് അദ്ദേഹം എന്നും ഡോക്ടറാണ്.
എന്റെ സഹപ്രവര്‍ത്തകന്റെ മഹത്തായ പ്രവൃത്തി’ എന്നാണ് സംഭവം വിശദീകരിച്ചും മന്ത്രിക്ക് നന്ദി അറിയിച്ചും ഇന്‍ഡിയോ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മോഡി പറഞ്ഞത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ കാരട്, സര്‍ജനാണ്. ഔറംഗാബാദില്‍ അദ്ദേഹത്തിന് സ്വന്തമായി ആശുപത്രിയുമുണ്ട്. ഔറംഗാബാദ് മേയറായിരുന്നു.